ലോൺ ആപ് വായ്പ; ജില്ലയിൽ കുടുങ്ങിയത് നിരവധി പേർ

കണ്ണൂര്‍: വലിയ ബോധവത്ക്കരണം നടക്കുമ്പോഴും ജില്ലയിൽ വീണ്ടും ലോൺ ആപ്പ് കെണിയിൽപ്പെട്ട് നിരവധി പേർ. ലക്ഷങ്ങൾ നഷ്ടപ്പെട്ട ശേഷം മാത്രമാണ് പലരും പരാതി നൽകുന്നത്. കണ്ണൂർ സൈബർ പൊലീസിൽ ഇത്തരത്തിലുള്ള ഒട്ടേറെ പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ 10 ന് അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ലോൺ ആപ്പ് സംഘത്തിന്‍റെ വലിയ തട്ടിപ്പ് കണ്ടെത്തിയിരുന്നു. നിതിൻ ലോൺ ആപ്പിന്‍റെ കൂടി ഇരയായിരുന്നു.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഐ.ടി പാര്‍ക്കിന് സമാനമായ ഓഫീസാണ് ലോണ്‍ ആപ്പ് സംഘം തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഉത്തര്‍പ്രദേശ് നോയിഡ സെക്ടര്‍ രണ്ടില്‍ പ്രവര്‍ത്തിക്കുന്ന വി.പി സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിതിൻരാജിനെ ലോണ്‍ ആപ്പിൽ കുടുക്കിയത്. 40 ഓളം ജീവനക്കാര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ലോണ്‍ ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നതും പണം നല്‍കുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതും അവിടെ നിന്നായിരുന്നു. ലോൺ ആപ്പ് സംഘം മൊബൈല്‍ ഫോണിന് പകരം ആളുകളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നത് സിം ബോക്‌സുകളാണ്. ഒരേ സമയം 32 സിം കാര്‍ഡ് ഉപയോഗിക്കാനും അവരുമായി ബന്ധപ്പെടാനും ഈ ബോക്‌സ് വഴി കഴിയും. ഈ ലോണ്‍ ആപ്പ് വഴി 40,000 പേര്‍ വായ്പയെടുത്തതായി കണ്ടെത്തിയിരുന്നു. അതില്‍ സംസ്ഥാനത്ത് നിന്നുള്ള ആയിരത്തിലധികം പേരുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 20 ഓളം പേര്‍ ഈ ആപ്പില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്. കെണിയിൽ കുടുങ്ങിയതോടെ ഇതിൽ ചിലർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മരണപ്പെട്ട നിതിൻ രാജ് 15,000 രൂപയാണ് ഇവരിൽ നിന്ന് വായ്പയായി എടുത്തത്. അതില്‍ 13,000 രൂപ മാത്രമാണ് നിതിന്‍രാജിന്റെ അക്കൗണ്ടിലെത്തിയിരുന്നത്. വായ്പ തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് ലോണ്‍ ആപ്പുകാരുടെ കണക്കില്‍ അത് 39,500 രൂപയായിട്ടുണ്ടായിരുന്നു. ഡെന്റല്‍ കോളേജ് അധ്യാപിക ഏഴോം കൊട്ടിലയിലെ ലത ശശിധരന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് നിതിൻ ലോൺ ആപ്പിൽ കുടുങ്ങിയ കാര്യം പുറത്തറിഞ്ഞത്. നിതിൻ കേസിൽ ലോൺ ആപ്പ് സംഘത്തിലെ നാലു പേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - Loan app loan; Many people trapped in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.