കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയിൽ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് പി. ശശിയുടേതാണ്. പി. ശശി സമ്മേളന പ്രതിനിധിപോലുമായിരുന്നില്ല. 2011ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കപ്പെട്ടയാളാണ് ശശി. പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന ആക്ഷേപത്തെ തുടർന്നായിരുന്നു നടപടി. അന്ന് കണ്ണൂർ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. ശശിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചുകൊണ്ടുവന്ന നീക്കങ്ങളെല്ലാം രഹസ്യമായിരുന്നു. എറണാകുളത്ത് സമ്മേളനം നടക്കുമ്പോൾ ശശി കണ്ണൂരിലായിരുന്നു. ഔദ്യോഗിക പാനലിൽ പി. ശശി ഇടം പിടിച്ചത് കോടിയേരി ബാലകൃഷ്ണൻ പേരു വായിച്ചപ്പോൾമാത്രമാണ് കണ്ണൂരിൽനിന്നുള്ള പ്രതിനിധികൾപോലും അറിഞ്ഞത്. സ്ത്രീവിഷയത്തിൽ പുറത്താക്കപ്പെട്ടയാളെ തിരിച്ചെടുക്കുന്നത് പാർട്ടിയിൽ എന്തെങ്കിലും മുറുമുറുപ്പിന് ഇടയാക്കാതിരിക്കാനുള്ള കരുതലായിരുന്നു എല്ലാം. സ്ത്രീവിഷയത്തിൽ ആരോപണവിധേയനെ നേതൃത്വത്തിൽ കൊണ്ടുവന്നതിൽ സി.പി.എമ്മിന് നേരെ ധാർമിക ചോദ്യങ്ങളും ഉയരുന്നുണ്ട്. പാർട്ടിയിൽ മുതിർന്ന നേതാക്കളിൽനിന്നടക്കം വനിതകൾക്ക് ദുരനുഭവം നേരിടേണ്ടി വരുന്നുവെന്ന് മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ള വനിത നേതാക്കൾ സമ്മേളന ചർച്ചയിൽ ഉന്നയിച്ചതിനു പിന്നാലെയാണ് ശശിയെ തിരിച്ചെടുത്തത് എന്നതും ശ്രദ്ധേയം. നീണ്ടകാലം പാർട്ടിക്ക് പുറത്തായിട്ടും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ കണ്ണൂർ ലോബിയുമായുള്ള അടുപ്പമാണ് ശശിക്ക് തുണയായത്. ആക്ഷേപമുയർന്നപ്പോൾ പാർട്ടിയിൽനിന്ന് അവധിയെടുക്കേണ്ടി വന്ന ശശിയെ പാർട്ടി കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്. ശേഷം തലശ്ശേരി കേന്ദ്രീകരിച്ച് അഭിഭാഷകനായി പ്രവർത്തിച്ച ശശി ഇടത് അഭിഭാഷക സംഘടന ലോയേർസ് യൂനിയൻ ജില്ലാ ഭാരവാഹിയായി. പാർട്ടിയുടെ കേസുകൾ ഏറ്റെടുത്ത് ബന്ധം ഊഷ്മളമായി സൂക്ഷിച്ചു. പാർട്ടി നടപടിക്ക് കാരണമായ ആക്ഷേപവുമായി ബന്ധപ്പെട്ട് മൂന്നാം കക്ഷി നൽകിയ കേസ് കോടതി തള്ളിയതിന് പിന്നാലെ, 2018ൽ പാർട്ടി അംഗത്വത്തിലേക്ക് തിരിച്ചെത്തി. ബ്രാഞ്ചിലും ഏരിയ കമ്മിറ്റിയിലും അംഗമായി. 2019ൽ വീണ്ടും ജില്ല കമ്മിറ്റിയംഗമായി. ഇക്കഴിഞ്ഞ ജില്ല സമ്മേളനത്തിൽ ജില്ല സെക്രട്ടേറിയറ്റിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ശേഷമാണ് തീർത്തും അപ്രതീക്ഷിതമായി സംസ്ഥാന നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ്. ഫോട്ടോ: സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.