അമൽ രാജ്
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ പൊലീസുകാരനെയും കുടുംബത്തെയും വീട്ടിന് നേരെ ബോബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യ ആസൂത്രകനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒരു ആർ.എസ്.എസ് പ്രവർത്തകനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണവം ചുണ്ടയിലെ അമൽരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസർ ചെറുവാഞ്ചേരി പൂവത്തൂരിലെ യു.പി അർജുന്റെ വീട്ടിന് നേരെ കഴിഞ്ഞ മാസം 19ന് പുലർച്ചെ 12.15 ഓടെയാണ് ബോംബെറിഞ്ഞത്. ഉഗ്രശേഷിയുള്ള ബോംബാണ് എറിഞ്ഞതെങ്കിലും ബോംബ് പൊട്ടിയില്ല. സംഭവസമയം അർജുനും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു.
മുഖംമൂടി ധരിച്ച് നമ്പർപ്ലേറ്റ് മറച്ച ബൈക്കിൽ എത്തിയ രണ്ടംഗസംഘമാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊട്ടാത്ത ബോംബ് നിർവീര്യമാക്കുമ്പോൾ ഉഗ്രസ്ഫോടനം നടന്നത് പൊലീസിനെ ഞെട്ടിച്ചിരുന്നു. സംഭവത്തിൽ നേരത്തേ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോളയാട് സ്വദേശി കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി. ജിതിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരം പ്രതികളെ വിശദമായി ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.
കാപ്പ ചുമത്തി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുകയായിരുന്ന അമൽരാജാണ് ആക്രമണം ആസൂത്രണംചെയ്തത്. ജയിലിൽ തടവുകാർക്ക് വിളിക്കാൻ അനുവദിച്ചിരുന്ന ഫോണിൽനിന്നുമാണ് അമൽരാജ്, നാട്ടിലുള്ള കൂട്ടാളികൾക്ക് ബോംബെറിഞ്ഞ് കൊലപ്പെടുത്താനുള്ള നിർദേശം നൽകിയത്. അമൽരാജും കോളയാട് സ്വദേശി കെ. രാഹുലും എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.
ജാമ്യം ലഭിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് അമൽരാജ് ചുണ്ടയിലെ വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പൊലീസ് അമൽരാജിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഇനിയും ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.