പയ്യന്നൂർ മണ്ഡലത്തിലെ വിതരണകേന്ദ്രമായ പയ്യന്നൂർ ജി.വി.എച്ച്.എസ്.എസിൽ ജില്ല കലക്ടർ അരുൺ കെ. വിജയൻ സന്ദർശനം നടത്തുന്നു
പയ്യന്നൂർ: വോട്ടെടുപ്പു ദിവസമായ വ്യാഴാഴ്ച പയ്യന്നൂർ ഡി.വൈ.എസ്.പിയുടെ പരിധിയിൽ ക്രമസമാധാന പാലനത്തിന് വിപുലമായ ഒരുക്കങ്ങൾ. സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ നടപടികൾ സ്വീകരിച്ചതായി ഡിവൈ.എസ്.പി അറിയിച്ചു.
പയ്യന്നൂർ നഗരസഭയിലും പരിസര ഗ്രാമപഞ്ചായത്തുകളിലുമായി 109 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. പയ്യന്നൂർ, പഴയങ്ങാടി, പരിയാരം പൊലീസ് സ്റ്റേഷൻ പരിധികളിലായി നാലു കമ്പനി കേന്ദ്രസേനയുടെ സേവനമുണ്ടാവും. ഇതിൽ രണ്ട് കമ്പനി പയ്യന്നൂർ സ്റ്റേഷൻ പരിധിയിലും ഒന്നു വീതം പരിയാരം, പഴയങ്ങാടി സ്റ്റേഷനുകളുടെ പരിധിയിലും ഉണ്ടാവും. ഇതിനു പുറമെ കേരള പൊലീസിന്റെയും തമിഴ്നാട് പൊലീസിന്റെയും സാന്നിധ്യം ഡിവിഷൻ പരിധിയിൽ ഉണ്ടാവും.
10 ഗ്രൂപ്പ് പട്രോളിങ് സംവിധാനവും തയാറായതായി ഡിവൈ.എസ്.പി പറഞ്ഞു. ഇതിൽ 10 ഗ്രൂപ്പ് പട്രോളിങ് സംഘം പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ ഉണ്ടാവും. അഞ്ചു വീതം ഗ്രൂപ്പ് പട്രോളിങ് പഴയങ്ങാടിയിലും പരിയാരത്തും ഉണ്ടാവും. സംഘർഷസാധ്യത ഉണ്ടായാൽ ഉടൻ കൂടുതൽ പൊലീസിനെ എത്തിക്കാനുള്ള നടപടിയും ഉണ്ടാവും. ഇക്കുറി തെരഞ്ഞെടുപ്പിന് വീറും വാശിയും കൂടുതലാണെങ്കിലും ക്രമസമാധാന പ്രശ്നസാധ്യതയില്ലെന്ന നിഗമനത്തിലാണ് അധികൃതർ.
അതേസമയം, പയ്യന്നൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണം ഉച്ചയോടെ തന്നെ പയ്യന്നൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായിരുന്നു. രാവിലെ മുതൽ പോളിങ് ഉദ്യോഗസ്ഥർ എത്തി സാധനങ്ങൾ കൈപ്പറ്റി പോളിങ് ബൂത്തിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. വിതരണ കേന്ദ്രം ജില്ല കലക്ടർ അരുൺ കെ. വിജയൻ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.