തലശ്ശേരിയിൽ എൽ.ഡിഎഫ് കൊട്ടിക്കലാശത്തിന് എത്തിയ പ്രവർത്തകർ
തലശ്ശേരി: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം തലശ്ശേരിയിൽ ആവേശോജ്ജ്വലമായി. തലശ്ശേരി മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ കൊട്ടിക്കലാശത്തിന് എത്തിയത് ഒഴുകിയെത്തിയ പ്രവർത്തകർക്ക് ആവേശം പകർന്നു. വൈകീട്ട് നാലിനാണ് കലാശക്കൊട്ടിനുള്ള രാഷ്ട്രീയ പാർട്ടികളുടെ തയാറെടുപ്പുകൾ തുടങ്ങിയത്. എൽ.ഡി.എഫിന് പഴയ ബസ് സ്റ്റാൻസിലും യു.ഡി.എഫിനും എൻ.ഡി.എക്കും പുതിയ ബസ് സ്റ്റാൻഡിലുമാണ് കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചത്.
തുറന്ന വാഹനത്തിലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും ചേർന്ന് കരഘോഷത്തോടെ പ്രചാരണ സമാപനത്തിന് സ്ഥാനാർഥികളെ എത്തിച്ചത്. വാദ്യമേളവും ഡി.ജെയും കൊട്ടിക്കലാശത്തിന് കൂടുതൽ പൊലിമയേകി.
പുതിയ ബസ് സ്റ്റാൻഡിൽ യു.ഡി.എഫ് കൊട്ടിക്കലാശത്തിന് ഷാഫി പറമ്പിൽ എം.പി എത്തിയത് പ്രവർത്തകരിൽ ആവേശമായി. സ്ഥാനാർഥി കെ.പി. സാജുവിനൊപ്പം വാഹനത്തിൽ കയറിനിന്ന് സ്‌ത്രീകളടക്കമുള്ള പ്രവർത്തകരെയും കാണാനെത്തിയ വോട്ടർമാരെയും കൈകൂപ്പി അഭിവാദ്യംചെയ്യുകയും സാജുവിന് വോട്ടഭ്യർഥിക്കുകയുംചെയ്തു. ഹർഷാരവം മുഴക്കി പ്രവർത്തകർ ഷാഫിയെ പ്രത്യഭിവാദ്യംചെയ്തു. സമാപന യോഗത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ എൻ. മഹമൂദ് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി, സ്ഥാനാർഥി കെ.പി. സാജു, അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. ടി. ആസഫലി, സജീവ് മാറോളി, കെ.വി. രജീഷ്, ഷാജി എം. ചൊക്ലി, അഡ്വ. സി.ജി. അരുൺ തുടങ്ങിയവർ സംസാരിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി കാരായി രാജന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് നാസിക് ഡോളും ബാൻഡ് വാദ്യവും കൊഴുപ്പേകി. ആഹ്ലാദനൃത്തം ചവിട്ടി പാട്ടും ഡാൻസുമായി കൊട്ടിക്കലാശം പ്രവർത്തകർ ഉത്സവമാക്കി. സ്ഥാനാർഥിയെ പ്രവർത്തകർ തോളിലേറ്റിയാണ് വേദിയിലേക്ക് വരവേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ റോഡ്‌ഷോയിലും ആയിരങ്ങൾ പങ്കെടുത്തു. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയുള്ള റോഡ് ഷോ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ ഫ്ലാഗ് ഓഫ് ചെയ്തു.
സമാപന യോഗത്തിൽ സ്ഥാനാർഥി കാരായി രാജൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ബസ് സ്റ്റാൻഡ് ക്ലോക്ക് ടവറിന് സമീപം നടന്ന എൻ.ഡി.എ കലാശക്കൊട്ടിൽ സ്ഥാനാർഥി ഒ. നിധീഷ് കൂറ്റൻ ക്രെയിനിൽ കയറിനിന്നാണ് വോട്ടർമാരെ അഭിവാദ്യംചെയ്തത്. എം.പി. സുമേഷ്, കെ. ലിജേഷ്, കെ. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.