ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടാനക്കൂട്ടം
അടിമാലി: വനത്തിൽ തീറ്റയും വെള്ളവും ഇല്ലാതായതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു.കാട്ടാന, കാട്ടുപോത്ത്, കുരങ്ങ്, മ്ലാവ് തുടങ്ങി എല്ലായിനം വന്യമൃഗങ്ങളും ഇപ്പോൾ ജനവാസ മേഖലയിലുണ്ട്. കഴിഞ്ഞ ദിവസം വരെ ഒറ്റക്ക് ജനവാസ മേഖലയിൽ വിലസിയിരുന്ന ‘പടയപ്പ’ ആന ഇപ്പോൾ കൂട്ടത്തോടെയാണ് ജനവാസ കേന്ദ്രത്തിലുള്ളത്. ഇത് ജനങ്ങളുടെ ഭീതി വർധിപ്പിച്ചു. ഒരാഴ്ചക്കിടെ ആറ് വാഹനങ്ങളാണ് പടയപ്പ ആക്രമിച്ചത്. എട്ട് ആനകളടങ്ങുന്ന കൂട്ടമായാണ് പടയപ്പയുടെ സഞ്ചാരം. വന്യജീവി സങ്കേതത്തിലെ പലയിടങ്ങളിലും ജലാശയങ്ങളിൽ ഇപ്പോഴും വെള്ളമുണ്ട്.
അനയിങ്കൽ ഡാമിലാണ് കൂടുതൽ കാട്ടാനകൾ എത്തുന്നത്. ദേശീയപാത 85നു കുറുകെ കാട്ടിലെ പുഴകളിലേക്ക് വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടങ്ങൾ സഞ്ചാരികൾക്കു കാഴ്ചയാണ്. ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കുമുള്ള ആനകളുടെ ഇറക്കവും കൂടിയിട്ടുണ്ട്. ചക്കയും മാങ്ങയും നിറഞ്ഞുതുടങ്ങിയതും കാട്ടാനകളെ ആകർഷിക്കുന്നു.
ആനകൾ കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും തടയാൻ സത്വര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനൽ കനത്ത് അതിർത്തി വനങ്ങൾ കരിഞ്ഞുണങ്ങിയതോടെയാണ് തീറ്റയും വെള്ളവും തേടി കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നത്. ചെറുതും വലുതുമായ ആനക്കൂട്ടങ്ങൾ തമ്പടിച്ചുതുടങ്ങി. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ റിസർവൊയറിലും കാട്ടാനക്കൂട്ടങ്ങളുണ്ട്. ഇവിടെ കടുവകളുടെ സാന്നിധ്യമുണ്ട്. ഈ ഭാഗത്ത് ഭക്ഷണവും വെള്ളവും സുലഭമാണ്. സുരക്ഷിത കേന്ദ്രങ്ങളിലാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ തമ്പടിക്കുന്നത്.
ജൈവമണ്ഡലത്തിലെ വനമേഖല കടുത്ത വരൾച്ചയെ നേരിടുന്നു. വനത്തിൽ ചില ഭാഗത്ത് ചെറിയതോതിൽ മഴ പെയ്തെങ്കിലും ജലാശയങ്ങളിൽ വെള്ളമില്ല. വനത്തിൽ വരൾച്ചയേറുമ്പോഴാണ് മൃഗങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുന്നത്.
മഴക്കാലമാകുംവരെ ഡാമുകളും പുഴകളും വന്യമൃഗങ്ങളുടെ ഇഷ്ടകേന്ദ്രമാണ്. എല്ലാത്തരം വന്യജീവികളും ജലജീവികളും പക്ഷികളുമെല്ലാം ഇപ്പോൾ നാട്ടിലായ അവസ്ഥയിലാണ്. വന്യമൃഗങ്ങളുടെ സുരക്ഷയുറപ്പാക്കാൻ വനംവകുപ്പ് സദാ ജാഗ്രതയിലാണ്. വനത്തിലേക്കുള്ള പ്രവേശനം നിരോധിക്കുകയും സുരക്ഷക്ക് കൂടുതൽ വനപാലകരെ വിന്യസിക്കുകയും ചെയ്തു. നിരവധി കാമറകളാണ് വനപാതകളിൽ സ്ഥാപിച്ചത്. കാട്ടുതീ പ്രതിരോധ സംവിധാനങ്ങളും കാര്യക്ഷമമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.