വാഴത്തോപ്പ് വഞ്ചിക്കവലയിൽ മാറ്റിസ്ഥാപിക്കുന്ന സി.ഐ ഓഫിസ്
ചെറുതോണി: കലക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തി ഇടുക്കി സി.ഐ ഓഫിസ് വഞ്ചിക്കവലയിലേക്ക് മാറ്റിസ്ഥാപിക്കാൻ നീക്കം. പുതിയ ഓഫിസ് പൈനാവിൽ ആരംഭിക്കണമെന്ന ജില്ല കലക്ടറുടെ ഔദ്യോഗിക ഉത്തരവ് അവഗണിച്ചാണ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെട്ടിടത്തിലേക്കാണ് ഇപ്പോൾ പുതിയ സി.ഐ ഓഫിസ് മാറ്റാൻ നീക്കം. പുതിയ കെട്ടിടത്തിൽ ബോർഡും സ്ഥാപിച്ചു. നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇടുക്കി, കഞ്ഞിക്കുഴി, വനിത പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയുള്ളതാണ് പുതിയ സി.ഐ ഓഫിസ്. ഈ ഓഫിസ് പൈനാവിലെ ഡി. 33 പി.ഡബ്ല്യു.ഡി ക്വാർട്ടേഴ്സിൽ ആരംഭിക്കാൻ, കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് ജില്ല കലക്ടർ ഉത്തരവിറക്കിയത്. എന്നാൽ ഈ ഔദ്യോഗിക ഉത്തരവ് അവഗണിച്ചാണ് വാഴത്തോപ്പ് വഞ്ചിക്കവല കെ.എസ്.ഇ.ബി കോളനിയിലെ സി-6 ക്വാർട്ടേഴ്സിൽ സി.ഐ ഓഫിസെടുത്ത് ബോർഡ് സ്ഥാപിച്ചത്. ശക്തമായ രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് പ്രധാന ആരോപണം.
പുതുതായി ബോർഡ് വെച്ചിരിക്കുന്ന ഈ കെട്ടിടത്തിന് ഇതുവരെ ഒരുവിധ ഔദ്യോഗിക അനുമതിയും ലഭിച്ചിട്ടില്ല. മുറികളിൽ ടൈൽ പാകിയിട്ടില്ലെന്ന് മാത്രമല്ല, ഗുരുതരമായ വയറിങ് തകരാറുകളുമുണ്ട്. കെട്ടിടത്തിന് ചുറ്റും കാടുമൂടിക്കിടക്കുന്ന അവസ്ഥയാണ്. കലക്ടർ അനുവദിച്ച കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളും ഉള്ളപ്പോഴാണ്, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വഞ്ചിക്കവലയിലെ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റാൻ ശ്രമിക്കുന്നത്.പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളാണ് വഞ്ചിക്കവലയും പൈനാവും. അതിനാൽ നിലവിൽ ഡിവൈ.എസ്.പി ഓഫിസ് പ്രവർത്തിക്കുന്ന ചെറുതോണിയിലെ പഴയ സി.ഐ ഓഫിസ് കെട്ടിടമാണ് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദം. ചില പൊലീസ് ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടിയാണ് കലക്ടറുടെ ഉത്തരവ് അവഗണിച്ചതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.