അടിമാലി മലയിടിച്ചിൽ ദുരന്തബാധിതർ സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു
അടിമാലി: 51 ദിവസമായി അടിമാലി ഗ്രാമപഞ്ചായത്ത് ഓഫിസ് വരാന്തയിൽ അടിമാലി ലക്ഷംവീട് ദുരന്തബാധിതർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പഞ്ചായത്തധികൃതർ നടത്തിയ ചർച്ചക്കൊടുവിൽ, ഓണത്തിന് മുമ്പ്, വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് നൽകിയ നഷ്ടപരിഹാരം ഇവർക്കും നൽകുമെന്ന റവന്യൂ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
വ്യാഴാഴ്ച അടിമാലിയിൽ നാലുവരി പാത നിർമാണവുമായി ബന്ധപ്പെട്ടെത്തിയ എൻ.എച്ച്.എ.ഐ പ്രോജക്ട് മാനേജറെ ദുരന്തബാധിതർ തടഞ്ഞിരുന്നു. കൂടാതെ പഞ്ചായത്ത് പ്രസിഡന്റിനെയും തടഞ്ഞുവെച്ചിരുന്നു. ഇതോടെ സമരക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ ജനപ്രതിനിധികൾ മുന്നോട്ടുവന്നു.
രാത്രിയിൽ ജനപ്രതിനിധികൾ എല്ലാവരും പഞ്ചായത്ത് ഓഫിസിലിരുന്ന് പ്രതിഷേധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇടുക്കി ഡിവൈ.എസ്.പി മോഹൻദാസിന്റെ നേതൃത്വത്തിൽ പൊലീസ് മധ്യസ്ഥതക്ക് മുന്നോട്ടുവന്നു.
രാത്രിതന്നെ സമരം പിൻവലിക്കാൻ സമരക്കാർ തീരുമാനിച്ചതോടെ ജനപ്രതിനിധികൾ പിന്തിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ 10ന് ഇടുക്കി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദീഖ്, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു കുര്യാക്കോസ് എന്നിവർ വീണ്ടും സമരക്കാരുമായി ചർച്ച നടത്തി.
ഇവർ മന്ത്രിയുമായി ബന്ധപ്പെട്ട് ഓണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. ഇതോടെ സമരപ്പന്തൽ ഉൾപ്പെടെ പൊളിച്ചുമാറ്റിയാണ് ഇവർ പോയത്. ഓണം കഴിഞ്ഞും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. അങ്ങനെയെങ്കിൽ പിന്തുണക്കുമെന്ന് ജനപ്രതിനിധികളും അറിയിച്ചു. 51 ദിവസമായി സ്ത്രീകളും കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ നടത്തിവന്ന സമരത്തിനാണ് ഇതോടെ അവസാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.