അവശനിലയിലായ മലയപ്പനെ മഞ്ചൽ കെട്ടി ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു

റോഡില്ല; ഇടമലക്കുടിയിൽ രോഗിയായ വയോധികനെ ആശുപത്രിയിലെത്തിച്ചത് എട്ട് കി.മീ ചുമന്ന്

അടിമാലി: ഇടമലക്കുടിയിൽ രോഗം വന്ന് അവശ നിലയിലായ വയോധികനെ ആശുപത്രിയിലെത്തിച്ചത് ചുമന്ന്. ഗൂഡല്ലാർകുടി ഊരിലെ മാലയപ്പനെയാണ് (75) അതിസാഹസികമായി കുടിനിവാസികൾ ആശുപത്രിയിലെത്തിച്ചത്. മരക്കമ്പിൽ തുണി കെട്ടി മഞ്ചൽ ഉണ്ടാക്കി ഇരു ഭാഗത്തും ആളുകൾ പിടിച്ചാണ് അതിസാഹസികമായി ആശുപത്രിയിലെത്തിച്ചത്. ഇടമലക്കുടിയിൽ നിരവധിപ്പേർക്ക് ഛർദിയും വയറിളക്കവും ഉണ്ടായിട്ടുണ്ടെന്നും പലരും അവശനിലയിലാണെന്നും മാലയപ്പനുമായി ആശുപത്രിയിൽ എത്തിവർ പറയുന്നു.

കാട്ടാനയും കാട്ടുപോത്തുമടക്കം വിഹരിക്കുന്ന കാട്ടിലൂടെ സാഹസികമായി നടന്ന് ആനക്കുളത്ത് എത്തി പിന്നീട് വാഹനത്തിൽ അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എട്ട് കിലോമീറ്ററിലധികം വനത്തിലൂടെ രോഗിയെ ചുമന്നു. കഴിഞ്ഞ വർഷവും ഇവിടെ വിവിധ പകർച്ചവ്യാധികൾ പടർന്ന് പിടിച്ചിരുന്നു. 10 പേരെ ഇത്തരത്തിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കാർത്തിക് എന്ന കുട്ടി മരണപ്പെട്ടിരുന്നു. ഇതിന് ശേഷം ആരോഗ്യവകുപ്പ് ഇവിടെ എത്തി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. മഴക്കാലത്തിന് മുൻപ് ഇവിടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുകയും മുൻകരുതൽ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നതായി ഇടമലകൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സകിൽ രാമചന്ദ്രൻ പറഞ്ഞു. ആശാ വർക്കർ വിവരം നൽകിയതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അവശനിലയിലുള്ളവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.

വേണം, ഗൂഡല്ലാർകുടിയിൽനിന്ന് ആനക്കുളത്തേക്ക് റോഡ്

നിബിഡ വനത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഗൂഡല്ലാർ കുടിയിൽ നിന്ന് ആനക്കുളത്തേക്ക് വാഹന സൗകര്യമുള്ള റോഡ് നിർമിക്കാൻ വനം വകുപ്പ് തടസ്സം നിൽക്കുകയാണെന്ന് ആക്ഷേപം. ഏഴ് കിലോമീറ്ററിൽ റോഡ് നിർമ്മിക്കാൻ കഴിഞ്ഞാൽ ഇടമലക്കുടി പഞ്ചായത്തിലെ പകുതി ഭാഗത്തുള്ളവർക്കും ഈ റോഡിനെ ആശ്രയിക്കാനാകും.

ഹെൽത്ത് സബ് സെന്‍ററുകൾ ഇല്ലാത്തത് വെല്ലുവിളി

106 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഇടമലക്കുടി പഞ്ചായത്തിൽ പ്രൈമറി ഹെൽത്ത് സെന്‍ററിന് കീഴിൽ ആകെയുള്ളത് ഒരു സബ് സെന്‍റർ മാത്രം. അതാകട്ടെ പ്രൈമറി ഹെൽത്ത് സെന്‍ററിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. മീൻകുത്തി, ഇരുപ്പ്കല്ല്, വെള്ളവര എന്നിവിടങ്ങളിൽ സബ് സെന്‍റർ അനുവദിച്ചാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

എന്നാൽ ജനസംഖ്യ വിഷയത്തിൽ തട്ടിയാണ് ഇവ ലഭ്യമാകാത്തത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 3000 ആണ് ജനസംഖ്യ. പലയിടങ്ങളിലും മെഡിക്കൽ ക്യാമ്പുകൾ നടത്തുമ്പോൾ രാത്രിയാണ് ആരോഗ്യ പ്രവർത്തകർ വനത്തിലൂടെ പ്രൈമറി ഹെൽത്ത് സെന്‍ററിൽ എത്തുന്നത്. പ്രൈമറി ഹെൽത്ത് സെന്‍ററിനു നേരെയും എൽ.പി സ്‌കൂളിനു നേരെയും ഉൾപ്പെടെ പലപ്പോഴും കാട്ടാന ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - Elderly man carried eight km to hospital in Idamalakudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.