ശരണ്യ
തൊടുപുഴ: ഊരാളി ഗോത്രവിഭാഗത്തിൽനിന്നുള്ള ആദ്യ ഡോക്ടറായി സ്വന്തം നാട്ടിലെ ആശുപത്രിയിൽ തന്നെ സേവനമനുഷ്ഠിക്കാൻ തുടക്കമിട്ട ഡോ. ശരണ്യ മോഹനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി കെ.എ. തുളസി. ഇടുക്കി കണ്ണമ്പടി വനമേഖലയിൽ നിന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് ശരണ്യ എം.ബി.ബി.എസ് ബിരുദം നേടിയത്.
പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഒന്നാം ക്ലാസോടെയാണ് ശരണ്യ വിജയിച്ചത്. വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്ന് ഉന്നത വിജയം നേടി സ്വന്തം ജനതയുടെ ഡോക്ടറായി മാറിയ ശരണ്യയുടെ വിജയം വകുപ്പിനും നാടിനും ഏറെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഗോത്രമേഖലയിലെ മറ്റ് വിദ്യാർഥികൾക്ക് ഈ നേട്ടം വലിയ പ്രചോദനമാണെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത തവണ ഇടുക്കിയിൽ എത്തുമ്പോൾ ശരണ്യയെ നേരിട്ട് സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. ശരണ്യയുടെ മാതാപിതാക്കളോടും അവർ സംസാരിച്ചു.
വഴിപോലുമില്ലാത്ത കണ്ണമ്പടി വനമേഖലയിൽ നിന്നാണ് ശരണ്യ പഠിച്ചുവളർന്നത്. വനത്തിനുള്ളിലെ പുന്നപ്പാറ ഊരിൽ കണ്ടത്തിൻകര കെ.എൻ. മോഹനന്റെയും മിനിമോളുടെയും ഏകമകളാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിലൂടെ സ്വന്തം നാടായ ഉപ്പുതറ സി.എച്ച്.സിയിലെ അസിസ്റ്റന്റ് സർജനായി ഡോ. ശരണ്യ ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.