മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സന്ദർശിച്ച് മന്ത്രി കെ.എ. തുളസി

തൊടുപുഴ: തൊടുപുഴ മൈലക്കൊമ്പിൽ പ്രവർത്തിക്കുന്ന മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശനം നടത്തി. സ്വാതന്ത്രദിനത്തോടനുബന്ധിച്ചാണ് മന്ത്രിയുടെ സന്ദർശനം. തുടർന്ന് കുട്ടികളുമായി സംവദിച്ച മന്ത്രി മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നാലര വയസ്സുകാരൻ ആദിദേവിന്റെ ക്ഷേമ കാര്യങ്ങൾ വിലയിരുത്തി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്റെ (ഡി.സി.പി.ഒ) ഇടപെടലിലൂടെയാണ് കുട്ടിയെ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചത്.

നേരത്തെ പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് പട്ടികവർഗ്ഗ വകുപ്പിന്റെ അടിയന്തര ഇടപെടലിലൂടെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സ ഉറപ്പാക്കുകയും, വള്ളക്കടവ് അങ്കണവാടി വഴി കൃത്യമായി പോഷകാഹാരം ലഭ്യമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടർമാർ കുട്ടിയുടെ ആരോഗ്യനിലയിൽ തൃപ്തികരമായ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി, ഡി.സി.പി.ഒ എന്നിവരുടെ ഏകോപനത്തോടെ കുട്ടിയെ സുരക്ഷിത തണലിലേക്ക് മാറ്റിയത്. സന്ദർശനത്തിനിടെ സ്ഥാപനത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള താമസ-പുനരധിവാസ സംവിധാനങ്ങളും, അവരുടെ വ്യക്തിഗത വളർച്ചക്കും സാമൂഹിക വികസനത്തിനുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും മന്ത്രി നിരീക്ഷിച്ചു.

അതിപിന്നാക്ക ഗോത്രവിഭാഗമായ മലമ്പണ്ടാര സമുദായത്തിന് 'സ്പെഷ്യൽ പാക്കേജ്' വഴി പുനരധിവാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്ക് സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വള്ളക്കടവിൽ താമസിക്കുന്ന കുട്ടികൾക്ക് 'വിദ്യാവാഹിനി' വാഹനസൗകര്യം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പിന്തുണയും, കുടുംബങ്ങൾക്ക് പ്രതിമാസ ഭക്ഷണ കിറ്റും അടിയന്തര ചികിത്സാ സഹായങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Minister KA Tulasi visits Mylakombu Mother and Child Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.