മന്ത്രി ഷിബു ബേബി ജോൺ മന്നാൻ വിഭാഗക്കാരുടെ കുടികൾ സന്ദർശിക്കുന്നു
കുമളി: ആദിവാസി സമൂഹത്തിന്റെ അറിവുകൾ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും വനപരിപാലനത്തിനും ഉപയോഗപ്പെടുത്തുമെന്ന് വനം മന്ത്രി ഷിബു ബേബിജോണ്‍. ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണാൻ വനം വകുപ്പ് ആവിഷ്കരിച്ച ഊരുണര്‍വ് പദ്ധതിയുടെ ഭാഗമായി മന്നാന്‍, പളിയ ഊരുകളിലെ നിവാസികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. കുമളി ഇക്കോ ടൂറിസം വികസനത്തിന് 50 കോടിയുടെ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ടൂറിസവുമായി ബന്ധപ്പെടുത്തി കൂടുതല്‍ വരുമാനം ഉറപ്പാക്കുന്ന വിധത്തിലായിരിക്കും പദ്ധതി ആവിഷ്കരിക്കുക.
വനവുമായും വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിയുമായും ബന്ധപ്പെട്ട് ആദിവാസി സമൂഹത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. മുഖ്യമന്ത്രി അധ്യക്ഷനായ വൈല്‍ഡ് ലൈഫ് ബോര്‍ഡില്‍ ആദ്യമായി ആദിവാസി സമൂഹത്തില്‍ നിന്ന് മന്നാന്‍ സമൂഹത്തിലെ രാജാവ് രാമന് രാജ മന്നാന്‍, നിലമ്പൂര്‍ ചോലനായ്ക്ക സമൂഹത്തിലെ വിനോദ് എന്നിവരെ ഉള്‍പ്പെടുത്തിയ വിവരവും മന്ത്രി അറിയിച്ചു. ഊരുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണും. റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്യും.
വഴിവിളക്കുകള്‍ സ്ഥാപിക്കും. തേക്കടിയില്‍ വിവിധ ഇ.ഡി.സികള്‍ വഴി 200ഓളം പേര്‍ക്ക് താൽക്കാലിക തൊഴിലും 43 പേര്‍ക്ക് വാച്ചര്‍മാരായി സ്ഥിരം ജോലിയും ലഭിച്ചിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷം ഈ മേഖലകളില്‍ കുറവാണെന്നും ഇ.ഡി.സികള്‍ രൂപവത്കരിച്ചതു മുതല്‍ ഇടനിലക്കാരുടെ ചൂഷണം പൂര്‍ണമായും ഇല്ലാതായെന്നും മന്നാന്‍ സമുദായത്തെ പ്രതിനിധീകരിച്ച് ഷാജി പനയന്‍, ടി. ബിജു എന്നിവര്‍ അറിയിച്ചു. വാച്ചര്‍ ജോലികളില്‍ വനിതകളെയും പരിഗണിക്കണമെന്ന് സുനിത ആവശ്യപ്പെട്ടു. കോവില്‍മല ടൂറിസം പ്രോജക്ട് നടപ്പാക്കണമെന്ന് കോഴിമല രാജാവ് രാമന് രാജമന്നന് ആവശ്യപ്പെട്ടു.
ഊരുണര്‍വിന്റെ ഭാഗമായുള്ള മന്ത്രിയുടെ രണ്ടാമത്തെ ഊരു സന്ദര്‍ശനമാണിത്. അഡ്വ. സിറിയക് തോമസ് എം.എല്‍.എ, അഡി. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. പ്രമോദ് ജി. കൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വര്‍ഗീസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, ഡി.എഫ്.ഒ ലക്ഷ്മി, കോഴിമല രാജാവ് രാമന് രാജ മന്നാന്‍, നാട്ടു മന്നാന്‍ കാണി രാമന്, ആര്. ഷാജി, വിവിധ ഇ ഡി സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകനും വനസംരക്ഷകനുമായ അരുവിയെ മന്ത്രി ആദരിച്ചു. 15 സ്വാശ്രയ സംഘങ്ങള്‍ നടത്തുന്ന വന്‍ ധന് വികാസ് കേന്ദ്ര വര്‍ക്ക് ഷോപ്പും മന്ത്രി സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.