കൊ​ച്ചി​യി​ലെ​ത്തി മ​ട​ങ്ങി​യ ആ​ഡം​ബ​ര ക​പ്പ​ൽ മി​ല്ലേ​നി​യം സെ​ലി​ബ്ര​റ്റി 

വിനോദ മേഖലക്ക് ഉണർവ്; കൊച്ചിയിൽ കരീബിയൻ ആഡംബര കപ്പലെത്തി മടങ്ങി

മട്ടാഞ്ചേരി: ഈ സീസണിലെ ക്രൂസ് വിനോദ സഞ്ചാരത്തിന് ഉണർവ് പകർന്ന് കൊച്ചി തുറമുഖത്ത് 2115 യാത്രക്കാരും, 925 ജീവനക്കാരുമായി ആഡംബര കപ്പലെത്തി മടങ്ങി. കരീബിയൻ ആഡംബര വിനോദ സഞ്ചാര കപ്പലായ മില്ലേനിയം സെലിബ്രറ്റിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊച്ചി തുറമുഖത്തെ മട്ടാഞ്ചേരി വാർഫിലെ നാലാം നമ്പർ ബെർത്തിൽ നങ്കുരമിട്ടത്. ശ്രീലങ്കയിൽ നിന്നാണ് ആഡംബര കപ്പൽ കൊച്ചിയിലെത്തിയത്.

ഈ മാസം 12ന് സിംഗപ്പുരിൽ നിന്നാണ് മില്ലെനിയം സെലിബ്രറ്റിയുടെ യാത്ര ആരംഭിച്ചത്. മൊത്തം ഏഴു രാജ്യങ്ങൾ ചുറ്റിക്കറങ്ങിയുള്ള യാത്രയിൽ ഏഴാമതായാണ് കൊച്ചി സന്ദർശിച്ചത്. കപ്പൽ കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മടങ്ങി. 14 രാജ്യങ്ങളിൽ നിന്നുളള സഞ്ചാരികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ ചരിത്ര സ്മാരകങ്ങൾ സഞ്ചാരികൾ സന്ദർശിച്ചു. കപ്പലിലെത്തിയ 300 സഞ്ചാരികൾ വില്ലേജ് വിസിറ്റ് പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങി ഗ്രാമം സന്ദർശിച്ചു. കുറച്ചു പേർ ആലപ്പുഴ ഹൗസ് ബോട്ടിൽ കായൽയാത്ര നടത്തി.

റോയൽ കരീബിയൻ ഗ്രുപ്പിന്‍റെ കപ്പൽ ഗ്യാസ് ടർബൻ ചുടിൽ നിന്നുള്ള നീരാവി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 90963 ടൺ കേവു ഭാരമുള്ള കപ്പലിന് 294 മീറ്റർ നീളവും 32 മീറ്റർ വീതിയുമുണ്ട്.12 നിലകളാണ് കപ്പലിലുള്ളത്. ഏട്ട് നിലകളിലായി 1079 കാബിനുകൾ, തിയ്യറ്റർ, സ്വിമ്മിങ്ങ് പൂൾ, ഭക്ഷണശാലകൾ, ജിംനേഷ്യം, സ്പാ, കളി മൈതാനം തുടങ്ങി ഒട്ടേറെ ആഡംബര സൗകര്യങ്ങളാണുള്ളത്. ഗോവയിൽ നിന്ന് 25ന് കപ്പൽ മുംബൈയിലേക്ക് തിരിക്കും, അതോടെ കപ്പൽ യാത്ര സമാപിക്കും. അവിടെ നിന്ന് യാത്രക്കാർ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും.

Tags:    
News Summary - Caribbean luxury ship in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.