ഹജ്ജ്: നെടുമ്പാശ്ശേരിവഴി​ 7156 പേർക്ക് അവസരം

നെടുമ്പാശ്ശേരി: തീർഥാടകരുടെ ആദ്യപട്ടിക അനുസരിച്ച് നെടുമ്പാശ്ശേരിയിൽനിന്ന്​ 7156 പേർക്ക് ഹജ്ജ്​ യാത്രക്ക്​ ഇതുവരെ അവസരം ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു. ഹജ്ജ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ 5393 പേർ കേരളത്തിൽനിന്നാണ്. തമിഴ്നാട്​ -1434, ലക്ഷദ്വീപ് ​-148, അന്തമാൻ -113, പുതുച്ചേരി -54 എന്നിങ്ങനെയും ഹാജിമാർ നെടുമ്പാശ്ശേരിയിൽനിന്ന്​ യാത്ര തിരിക്കും. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്​ 31ന് പ്രവർത്തനം തുടങ്ങും. 1000 പേർക്ക് താമസിക്കാനുള്ള സൗകര്യം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. 300 വളന്‍റിയർമാരെയും നിയമിച്ചിട്ടുണ്ട്. ജൂൺ മൂന്നു മുതൽ തീർഥാടകർ എത്തും. നാലിന് രാവിലെ ഒമ്പതിനാണ് ആദ്യഹജ്ജ് വിമാനം. ഓരോ തീർഥാടകനും 20 കിലോ വീതമുള്ള രണ്ട് ബാഗിനും ഏഴ് കിലോയുടെ ഹാൻഡ്​ ബാഗിനും അനുമതിയുണ്ട്. തീർഥാടകർക്കുള്ള ബാഗുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് വിതരണം ചെയ്യുക. ഓരോ വിമാനത്തിലും 377 തീർഥാടകരാണ്​ ഉണ്ടാകുകയെന്നും മുഹമ്മദ്​ ​ഫൈസി പറഞ്ഞു. ഹജ്ജ് ഒരുക്കം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ. മൊയ്തീൻ കുട്ടി, പി.ടി. അക്ബർ, ഡോ. ഐ.പി അബ്ദുൽ സലാം, എ. സഫർ ഖയാൽ, പി.പി. മുഹമ്മദ്‌ റാഫി, കെ.കെ. ഷമീം, അനസ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.