നിയമലംഘനം; കൊച്ചിയിൽ 60 ബസുകൾക്കെതിരെ കേസെടുത്തു

കാക്കനാട്: കൊച്ചി നഗരത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 60 ബസുകൾക്കെതിരെ കേസെടുത്തു. 52 സ്വകാര്യ ബസുകൾക്കും എട്ട് ടൂറിസ്റ്റ് ബസുകൾക്കും എതിരെയാണ് റോഡ് നിയമങ്ങൾ ലംഘിച്ച് സർവിസ് നടത്തിയതിന് കേസെടുത്തത്. നിയമങ്ങൾ കാറ്റിൽ പറത്തി മരണപ്പാച്ചിൽ നടത്തുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ്​ പരിശോധന നടന്നത്. വാതിലുകൾ കെട്ടിവെച്ച് ഓടിച്ചതിനാണ് കൂടുതൽ ബസുകൾക്കെതിരെ കേസ് എടുത്തത്. പിന്നിലെ ഗ്ലാസിൽ സൺ ഫിലിം ഒട്ടിച്ച ബസുകൾക്കെതിരെയും അനാവശ്യമായി ഹോൺ മുഴക്കുന്നതിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. ശബ്ദമലിനീകരണമുണ്ടാക്കുന്ന തരത്തിൽ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ഘടിപ്പിച്ചതിനാണ് എട്ട് സ്വകാര്യ ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം ആർ.ടി.ഒ പി.എം. ഷെബീറിന്‍റെ നേതൃത്വത്തിലായിരുന്നു കൊച്ചി നഗരത്തിലും പരിസരത്തുമായി പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ചയാണ്​ നിയമലംഘനങ്ങൾ നടത്തി സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടത്. നഗരപരിധിയിൽ ഹോണടിക്കുന്നത് തടയണം, ഓവർടേക്കിങ് കർശനമായി നിരോധിക്കണം, സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണം തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.