ആസ്റ്ററിന്​ പ്രവർത്തന വരുമാനത്തിൽ 14 ശതമാനം വർധന

കൊച്ചി: ജി.സി.സിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് കെയർ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് സാമ്പത്തിക വർഷത്തിലെ​ നാലാം പാദത്തിൽ പ്രവർത്തന വരുമാനത്തിൽ 14 ശതമാനം വർധന. 2022 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ 2391 കോടി രൂപയിൽനിന്ന്​ 2728 കോടിയായാണ്​ വർധിച്ചത്​. 2021ലെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി കിഴിച്ചുള്ള ലാഭം 178 കോടിയിൽനിന്ന്​ 238 ശതമാനം വർധിച്ച് 601 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ സമഗ്രമായ വളർച്ചയാണ് കമ്പനി കാഴ്ചവെച്ചതെന്ന്​ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ആശുപത്രി സേവനങ്ങൾ അതിദ്രുതം വളരുകയാണ്. ഓരോ പാദത്തിലും കൂടുതൽ കിടക്കകൾ ആശുപത്രികളിൽ അധികമായി ഏർപ്പെടുത്തുന്നുണ്ട്. ഡയഗ്നോസ്റ്റിക് വിഭാഗമായ ആസ്റ്റർ ലാബ്സ്​ മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിൽ കൂടി പ്രവർത്തനം ആരംഭിച്ചു. ആസ്റ്റർ ഫാർമസി മാർച്ച് 31നുള്ളിൽ ആകെ 131 സ്റ്റോറുകൾ കൂടി തുറന്നുവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.