ഡെങ്കിപ്പനി പ്രതിരോധം: ഒഴിഞ്ഞുകിടക്കുന്ന പറമ്പുകൾ വൃത്തിയാക്കും

കൊച്ചി: നഗരത്തിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒഴിഞ്ഞുകിടക്കുന്ന പറമ്പുകൾ വൃത്തിയാക്കാൻ തീരുമാനം. ഇതിനായി പ്രത്യേക ഫണ്ട് ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. മേയർ എം. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ്​ തീരുമാനം. വടുതല വെസ്റ്റ്, വടുതല ഈസ്റ്റ്, പച്ചാളം, തട്ടാഴം, ഇടപ്പള്ളി, ദേവന്‍കുളങ്ങര, കറുകപ്പിള്ളി, പാടിവട്ടം, തമ്മനം, തൃക്കണാര്‍വട്ടം, കലൂര്‍ നോര്‍ത്ത്, എളമക്കര സൗത്ത് എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. ഈ ഡിവിഷനുകളില്‍ ഒരാഴ്ചക്കകം വാര്‍ഡ് ഹെല്‍ത്ത് ആൻഡ്​​ സാനിറ്റേഷന്‍ കമ്മിറ്റി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി എന്‍റമോളജിസ്റ്റിന്‍റെ മേല്‍നോട്ടംകൂടി ലഭ്യമാക്കും. തൊട്ടടുത്ത ഡിവിഷനുകളിലെ കോര്‍പറേഷന്‍ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി കൊതുക് നശീകരണത്തിന്​ ഉറവിട നശീകരണം നടത്തും. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളിൽ ഓഫിസുകളിലും ഞായാറാഴ്ചകള്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കും. ഡെങ്കിപ്പനി പടരുന്നത് വീടിനകത്തും പരിസരത്തും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍നിന്നാണ്. കാനകളിലല്ല ഡെങ്കി പരത്തുന്ന കൊതുകുകള്‍ പ്രജനനം നടത്തുന്നത്. അതിനാല്‍ പൊതുജന പങ്കാളിത്തമില്ലാതെ ഡെങ്കിപ്പനി തടയാന്‍ കഴിയില്ലെന്ന്​ യോഗം ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്താൻ നോട്ടീസ്​ വിതരണം ചെയ്യാനും തീരുമാനിച്ചു. ജില്ല സർവെയ്​ലന്‍സ് ഓഫിസര്‍ ഡോ. വിനോദ്, കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍, നഗരസഭ ഹെല്‍ത്ത് ഓഫിസര്‍ തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.