മുഖ്യമന്ത്രിയുടെ സന്ദർശനം: ചെല്ലാനം നിവാസികൾ പ്രതിഷേധത്തിന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച സന്ദർശനത്തിനെത്തുമ്പോൾ പ്രതിഷേധിക്കാൻ ചെല്ലാനം നിവാസികൾ. സർക്കാർ അനാസ്ഥയിലും ചെല്ലാനം-കൊച്ചി തീരത്തെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളെയും ഒഴിവാക്കി തീരസംരക്ഷണ പദ്ധതി ഭാഗികമായി നടപ്പാക്കുന്നതിനുമെതിരെ വൈകീട്ട് അഞ്ചിന് പ്രതിഷേധ കല്ല് കാവ് സമരം നടത്തുമെന്ന് ചെല്ലാനം ജനകീയ വേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കടൽകയറ്റത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയ വേദി നടത്തിവരുന്ന സമരത്തിന്‍റെ സമ്മർദത്തിലാണ് കേരള സർക്കാർ 344.2 കോടിയുടെ തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്. നവംബറിൽ നിർമാണം ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും 2022 മാർച്ചിലാണ് പണി തുടങ്ങിയത്. മാത്രമല്ല, പ്രഖ്യാപനത്തിന് വ്യത്യസ്തമായി 7.65 കിലോമീറ്റർ പ്രദേശത്തെ കടൽഭിത്തി നിർമാണം മാത്രമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. വീണ്ടുമൊരു മഴക്കാലം കാര്യമായ ഒരു പ്രതിരോധവുമില്ലാതെ നേരിടേണ്ട അവസ്ഥയിലാണ് തീരം. ഈ സാഹചര്യത്തിൽ വീഴ്ചയിൽ മുൻകൂർ ജാമ്യമെടുക്കാനാണ് മുഖ്യമന്ത്രിയുടെ ചെല്ലാനം സന്ദർശനമെന്നും അവർ കുറ്റപ്പെടുത്തി. വാർത്ത സമ്മേളനത്തിൽ ചെല്ലാനം-കൊച്ചി ജനകീയ വേദി കൺവീനർ വി.ടി. സെബാസ്റ്റ്യൻ, ചെയർപേഴ്സൻ മറിയാമ്മ ജോർജ് കുരിശിങ്കൽ, സമര സഹായ സമിതി പ്രവർത്തകരായ അഡ്വ. തുഷാർ നിർമൽ സാരഥി, സുജ ഭാരതി, ഗ്രേസി ആൻറണി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.