കെ.എഫ്.സി വായ്പക്ക്​ ജപ്തി: വിജിലൻസ്​ അന്വേഷണ ഉത്തരവിനെതിരായ ഹരജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ചു

കൊച്ചി: കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) ജപ്തി ചെയ്ത ഭൂമിയുടെ ലേലത്തിലെ ക്രമക്കേട്​ സംബന്ധിച്ച പരാതിയിൽ വിജിലൻസ്​ അന്വേഷണത്തിന് ഉത്തരവിട്ടത് റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. വായ്പ കുടിശ്ശികയെത്തുടർന്ന്​ ജപ്തി ചെയ്ത ഭൂമിയുടെ ലേലവുമായി ബന്ധപ്പെട്ട പരാതിയിലാണ്​ മാനേജിങ് ഡയറക്ടറായിരുന്ന ടോമിൻ തച്ചങ്കരി അടക്കമുള്ളവർക്കെതിരെ പ്രാഥമികാന്വേഷണത്തിന്​​ വിജിലൻസ് കോടതി​ ഉത്തരവിട്ടത്​. ഉത്തരവ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേസിൽ പ്രതിയായ കോഴിക്കോട് സ്വദേശി പീതാംബരൻ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. കോഴിക്കോട് നഗരത്തിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ പേൾ ഹിൽ ബിൽഡേഴ്​സ്​ ആന്‍ഡ്​​ ഡെവല​പ്പേഴ്​സ്​ എന്ന കമ്പനിക്ക്​ കെ.എഫ്.സി നൽകിയ അഞ്ചുകോടിയുടെ വായ്​പ തിരിച്ചുപിടിക്കാനാണ്​ ലേലനടപടികളുണ്ടായത്​. എസ്. അനിൽ കുമാർ എന്നയാളാണ് ഭൂമിയും കെട്ടിടവും 9.18 കോടിക്ക്​ ലേലത്തിൽ പിടിച്ചത്. എന്നാൽ, 40 കോടി രൂപ വിലവരുന്ന ഭൂമിയാണ് കുറഞ്ഞ തുകക്ക്​ ലേലത്തിൽ നൽകിയതെന്ന്​ ആരോപിച്ച്​ പേൾ ഹിൽ ബിൽഡേഴ്​സ്​ ആന്‍ഡ്​​ ഡെവല​പ്പേഴ്​സ് എം.ഡി പി.പി. അബ്ദുൽ നാസർ കോഴിക്കോട് വിജിലൻസ്​ കോടതിയിൽ പരാതി നൽകി. ഇതേതുടർന്നായിരുന്നു പ്രാഥമികാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്​ അന്വേഷണം പ്രഖ്യാപിക്കാൻ മുൻകൂർ അനുമതി ആവശ്യമാണെന്നതടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.