അർജുന അവാർഡ് നിഷേധം: കേന്ദ്രത്തിന്​ നിവേദനം നൽകാൻ രഞ്ജിത്ത് മഹേശ്വരിയോട്​ ഹൈകോടതി

കൊച്ചി: അർജുന അവാർഡ് നിഷേധിച്ചതിനെതിരെ ഒളിമ്പ്യനും മുൻ ദേശീയ ട്രിപ്പിൾ ജംപ്​ താരവുമായ കോട്ടയം സ്വദേശി രഞ്ജിത്ത് മഹേശ്വരി നൽകിയ ഹരജിയിൽ ഈയാവശ്യമുന്നയിച്ച് ഹരജിക്കാരൻ നാലാഴ്‌ചക്കകം കേന്ദ്ര സർക്കാറിന് നിവേദനം നൽകാനും തുടർന്ന് രണ്ടു മാസത്തിനകം സർക്കാർ തീരുമാനം എടുക്കാനും ഹൈകോടതി നിർദേശിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 2013ൽ അർജുന അവാർഡിന് ഹരജിക്കാരനെ തെരഞ്ഞെടുത്തിരുന്നെങ്കിലും അവാർഡ് ദാനത്തിന്​ തൊട്ടുമുമ്പ് ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ ദേശീയ കായിക മന്ത്രാലയം നിർദേശിച്ചു. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ നിർദേശിച്ചത്. എന്നാൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തേജക മരുന്ന് ഉപയോഗിച്ചവരുടെ പട്ടികയിൽ തന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്ന്​ ഹരജിക്കാരൻ വ്യക്തമാക്കി. അർജുന അവാർഡ് ആർക്ക്​ നൽകണമെന്ന് നിർദേശിക്കാനാവില്ലെന്ന് ഈ ഘട്ടത്തിൽ ഹൈക്കോടതി വാക്കാൽ പറഞ്ഞെങ്കിലും ഹരജിക്കാരന്റെ അപേക്ഷ കേന്ദ്ര സർക്കാർ പരിഗണിക്കാൻ നിർദേശിക്കുകയായിരുന്നു. സമൂഹത്തിൽ അംഗീകാരവും പ്രശസ്തിയുമുള്ള ഹരജിക്കാരന് ഇതിനായി അവാർഡിന്റെ ആവശ്യമുണ്ടോയെന്നും അല്ലാതെതന്നെ ബഹുമാനിതനല്ലേയെന്നും സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.