പട്ടയവ്യവസ്ഥ ലംഘിച്ചാൽ സർക്കാറിന്​ ഭൂമി തിരിച്ചെടുക്കാം -ഹൈകോടതി

കൊച്ചി: കേരള ഭൂമി പതിച്ചുനൽകൽ ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്നും പട്ടയവ്യവസ്ഥ ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും ഹൈകോടതി. കൃഷിക്കും പാർപ്പിടത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി പതിച്ചുനൽകിയ ഭൂമിയിൽ റിസോർട്ടുകൾ, ക്വാറികൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ ആരംഭിച്ചെന്നു കണ്ടെത്തി ഭൂമി തിരിച്ചെടുക്കാൻ സർക്കാർ നടപടി സ്വീകരിച്ചതിനെതിരെ ഭൂവുടമകൾ നൽകിയ അപ്പീലുകൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. മൂന്നാറിലെ മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ടിന്റെ ഭൂമി തിരിച്ചെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ അപ്പീലും ഇതിലുൾപ്പെടും. അതേസമയം, ഭൂമി തിരിച്ചെടുക്കുന്നത്​ സിംഗിൾ ബെഞ്ച് തടഞ്ഞതിനെതിരെ സർക്കാർ നൽകിയ അപ്പീലുകൾ അനുവദിച്ചു. ക്വാറികളടക്കമുള്ളവയുടെ പ്രവർത്തനം തടഞ്ഞ് സർക്കാർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. മുൻകൂർ നോട്ടീസ് നൽകി വാദം കേൾക്കാതെയാണ് സ്റ്റോപ് മെമ്മോ നൽകിയതെന്നും ഭൂമി തിരിച്ചെടുക്കാൻ തഹസിൽദാർക്ക് അധികാരമില്ലെന്നും ഭൂവുടമകൾ വാദിച്ചു. ഡിവിഷൻ ബെഞ്ച് ഈ വാദങ്ങൾ തള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.