ആലപ്പുഴ: മാനം തെളിഞ്ഞെങ്കിലും ജില്ലയിൽ മഴ ദുരിതത്തിന് കുറവില്ല. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 23 കുടുംബങ്ങളിലെ 69 പേരെ മാറ്റിപാർപ്പിച്ചു. ചേർത്തലയിൽ മൂന്നും കുട്ടനാട്ടിൽ ഒന്നും ഉൾപ്പെടെ അഞ്ച് ദുരിതാശ്വാസക്യാമ്പുകളാണുള്ളത്. ചേർത്തല കണ്ണിക്കാട് അംബേദ്കർ സാംസ്കാരികനിലയം, പട്ടണക്കാട് കോനാട്ടുശ്ശേരി എൽ.പി. സ്കൂൾ, മാരാരിക്കുളം സുനാമി ഷെൽട്ടർ, രാമങ്കരി സർവിസ് കോർപറേറ്റിവ് ബാങ്ക് ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
അംബേദ്ർ സാംസ്കാരികനിലയത്തിൽ 14 കുടുംബങ്ങളിലെ 46പേരും കോനാട്ടുശ്ശേരി എൽ.പി സ്കൂളിൽ മൂന്ന് കുടുംബങ്ങളിലെ 11പേരും സുനാമി ഷെൽട്ടറിൽ ഒരുകുടുംബത്തിലെ രണ്ടുപേരും രാമങ്കരിയിൽ അഞ്ച് കുടുംബത്തിലെ 10പേരുമാണ് താമസിക്കുന്നത്. കുട്ടനാടിന്റെ ഗ്രാമീണറോഡുകൾ മുങ്ങിയപ്പോൾ പാടശേഖരത്തിന് സമീപത്തുള്ള നൂറുകണക്കിന് വീടുകളും വെള്ളത്തിലായി. മുട്ടാർ, തായങ്കരി, കളങ്ങര റോഡുകളിൽ വെള്ളം ഉയർന്നതോടെ കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തി.
തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, വളഞ്ഞവഴി, കാക്കാഴം, പറവൂർ എന്നിവിങ്ങളിലാണ് കടലേറ്റമുണ്ടായത്. ഇതിനാൽ കുട്ടനാട്ടിൽനിന്ന് എത്തുന്ന അധികജലം തോട്ടപ്പള്ളി സ്പിൽവേവഴി കടൽ എടുക്കാത്ത സ്ഥിതിയുണ്ട്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ കിഴക്കൻവെള്ളത്തിന്റെ വരവാണ് ദുരിതം ഇരട്ടിയാക്കുന്നത്.
വെള്ളക്കെട്ട് രൂക്ഷമായതിനാൽ സ്കൂളുകളും അംഗൻവാടികളും തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൈനകരിയിൽ മടവീഴ്ചയുണ്ടായ ഭാഗത്ത് 20 ഭക്ഷണകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. കുട്ടനാടിലെ തോടുകളിലും ആറുകളിലും ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്. കാവാലം, മങ്കൊമ്പ്, നെടുമുടി, പള്ളാത്തുരുത്തി, നീരേറ്റുപുറം, ചമ്പക്കുളം എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.