ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി ചെയർമാൻ സി.കെ. വിജയഘോഷ് ചരങ്ങാങ്കാടിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യനേത്ര ചികിത്സാക്യാമ്പിന് തുടക്കം കുറിച്ച് പ്രാർഥന നടത്തുന്നു

പിതാവിന്‍റെ ഓർമയിൽ പതിനായിരങ്ങളെ വെളിച്ചത്തിലേക്ക് കൈപിടിച്ച് വിജയഘോഷ്

ചേർത്തല: പിതാവിന്‍റെ ഓർമയിൽ 60,000 പേർക്ക് കണ്ണുകൾക്ക് വെളിച്ചം നൽകിയ കണിച്ചുകുളങ്ങര ചാരങ്ങാട്ട് സി.കെ. വിജയഘോഷ് വേറിട്ട പ്രവർത്തനത്തിന് ഉടമ. ചേർത്തലയിലെ ആദ്യകാല വ്യവസായിയായിരുന്ന പിതാവ് ചാരങ്ങാട്ട് കുഞ്ഞിക്കുട്ടൻ രൂപവത്കരിച്ച ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി ചെയർമാനാണ് നിലവിൽ വിജയഘോഷ് ചരങ്ങാട്ട്.

നാല് പതിറ്റാണ്ടിനുമുമ്പ് മരിച്ച പിതാവിന്‍റെ പാത പിന്തുടർന്നാണ് വിജയഘോഷ് സമാധി ദിനാചരണ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നത്. അന്നുമുതൽ തുടങ്ങിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഇതുവരെ മുടങ്ങിയിട്ടില്ല.

മാസത്തിലെ രണ്ടാം ശനിയാഴ്ച ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിങ് സമീപം സി.വി. കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഹാളിൽ മധുര തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും സമാധി ദിനാചരണ കമ്മിറ്റിയും ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. ഓരോ മാസത്തിലെ ക്യാമ്പിലും നൂറോളംപേർ എത്തുന്നുണ്ടെങ്കിലും അമ്പതോളം പേർക്ക് തിമിര ശസ്ത്രക്രിയയും തുടർചികിത്സയും വേണ്ടിവരും. രോഗികളെ കൂട്ടിൽ ഇരിപ്പുകാരെയും അന്നുതന്നെ കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകും. എല്ലാ മാസവും അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ സംഘം ചികിത്സ ഉപകരണങ്ങളുമായി മിനി ബസിൽ തമിഴ്നാട്ടിൽ നിന്ന് ഇവിടെ എത്തും.

രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. തിമിര ശസ്ത്രക്രിയ വേണ്ടവരെ മധുര കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകും. ഇതിനുവേണ്ടി സംഘടന പിരിവെടുക്കാറില്ല. ചെയർമാൻ സി.കെ. വിജയ ഘോഷ് തന്നെ മുഴുവൻ ചെലവും നൽകിയാണ് ഓപറേഷന് കൊണ്ടുപോകുന്നത്. രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരെയും കൊണ്ടുപോകും.

ഇവർക്ക് വേണ്ടുന്ന യാത്രാ ചെലവും സംഘടനയാണ് വഹിക്കുന്നത്. ഇതിനായി ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പ്രത്യേകം ബസ് എടുത്ത് അമ്പതോളം പേരുമായി പോകും. ഇവർക്കുള്ള ഭക്ഷണത്തിനുള്ള ചെലവുകളും ഈ സംഘടനയാണ് വഹിക്കുന്നത്. നാല് പതിറ്റാണ്ടായി ഈ പുണ്യ പ്രവൃത്തി തുടരുകയാണ് ഇദ്ദേഹം. 371ാമത്തെ ക്യാമ്പിലൂടെ അറുപതിനായിരത്തോളം പേർക്ക് കാഴ്ച നൽകാൻ കഴിഞ്ഞുവെന്നും ഇത് തന്റെ പിതാവിനോട് ചെയ്യുന്ന കടമയാണെന്നും ചെയർമാൻ സി.കെ. വിജയ് ഘോഷ് ചാരങ്ങാട്ട് പറയുന്നു.

Tags:    
News Summary - Vijaya Ghosh leads tens of thousands into the light in memory of his father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.