ചേർത്തല: റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയടച്ചുള്ള ദേശീയപാത നിർമാണത്തിനെതിരെയും സ്റ്റേഷനുമുന്നിൽ ഉയരപ്പാത നിർമിക്കണമെന്നും ആവശ്യപ്പെട്ട് ഒരാഴ്ചയായി നടക്കുന്ന സമരം ശക്തിപ്പെടുത്താൻ നഗരസഭയിൽ ചേർന്ന സമരസമിതി യോഗം തീരുമാനിച്ചു. എം.എൽ.എ പി. പ്രസാദ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ അധ്യക്ഷത വഹിച്ചു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ദേശീയപാതയ്ക്ക് ഇരുവശവും ദീപം തെളിക്കൽ സമരം നടത്തും. കൂടാതെ കെ.സി. വേണുഗോപാൽ എം.പി, ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പിന്തുണയോടെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയെ നേരിൽ കാണുന്നതിനും ആവശ്യം ബോധ്യപ്പെടുത്തുന്നതിനും തീരുമാനിച്ചു.
അതിന് ശേഷവും ദേശീയപാത അധികൃതർ അനുഭാവ പൂർണമായ സമീപനം സ്വീകരിച്ചില്ലെങ്കിൽ മനുഷ്യച്ചങ്ങല, ഹൈവേ ഉപരോധം കരാർ കമ്പനി ഓഫീസ് ഉപരോധം, പ്രോജക്ട് ഡയറക്ടർ ഓഫിസ് ഉപരോധം, കലക്ടറേറ്റ് ഉപരോധം തുടങ്ങിയ സമരങ്ങളിലേക്ക് നീങ്ങാനും യോഗം തീരുമാനിച്ചു. സമരത്തിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗം തിങ്കളാഴ്ച എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേരും.
തുടർന്നുള്ള ദിവസങ്ങളിലെ സമരങ്ങൾ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിലായി സംഘടിപ്പിക്കും. റെയിൽവേ യാത്രക്കാരെ എല്ലാ ദിവസവും സമരത്തിൽ അണിനിരത്തും. എ.കെ. ആന്റണി, വയലാർ രവി തുടങ്ങിയ ചേർത്തലയുടെ നേതാക്കളുടെ പിന്തുണയും സമരത്തിന് ഉറപ്പാക്കും. എല്ലാ പാർട്ടികളുടെയും ജില്ലാ നേതാക്കൾ, വിവിധ മത-സാമുദായിക സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് എല്ലാ ദിവസവും സമരപ്പന്തലിൽ പൊതുയോഗങ്ങൾ നടത്തും.
സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് സമരത്തിന്റെ പ്രചരണം ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽ അഡ്വ. സി.ഡി. ശങ്കർ, ടി.എസ്. അജയകുമാർ, പി. ഷാജി മോഹൻ, കെ. ഉമയാക്ഷൻ, ഷമ്മി ജോസഫ്, എ.എസ്. സാബു,എസ്. ശിവൻ പിള്ള, കെ.എസ്. കലാധരൻ, കെ.എസ്. സലിം, ജോമോൻ മച്ചിങ്ങൽ, അനൂപ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.