ആലപ്പുഴ: ഓണത്തിരക്കിലമർന്ന് നാടും നഗരവും. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലായിരുന്നു എല്ലാവരും. സദ്യക്കുള്ള വട്ടങ്ങളും ഓണക്കോടിയും പൂക്കളമൊരുക്കാൻ പൂവാങ്ങാനുമെല്ലാം മലയാളികൾ ഓട്ടപ്പാച്ചിൽ നടത്തുന്ന ഉത്രാടം ഇന്നാണ്. അത്തം മുതൽ പത്തുനാൾ നീളുന്ന ഓണം ഒരുക്കത്തിൽ വിപണി ഏറ്റവും ഈ ദിവസം കൂടുതൽ സജീവമാകും. ഉപ്പ് തൊട്ട് കർപ്പൂരം വരെകിട്ടുന്ന മുല്ലയ്ക്കൽ തെരുവിലാണ് കൂടുതൽ തിരക്ക്. നവീകരണത്തിന്റെ ഭാഗമായി ജില്ല കോടതി പാലം പൊളിച്ചത് കച്ചവടത്തെ കാര്യമായി ബാധിച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു.
ഇതിനൊപ്പം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. നഗരത്തിലേക്ക് എത്താനും തിരിച്ചുപോകാനും സമാന്തരപാതയില്ലാത്തതാണ് പ്രശ്നം. പ്രസ്ക്ലബ്ബിന് സമീപത്തുനിന്ന് വൈ.എം.സി.എയിലേക്ക് കടക്കുന്ന ഇടവഴിയിൽ വാഹനത്തിരക്ക് ഏറെയാണ്. കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയുന്നില്ല. കുണ്ടുംകുഴിയും നിറഞ്ഞ ജില്ല കോടതി-മിനി സിവിൽസ്റ്റേഷൻ റോഡിലും തിരക്കുവർധിച്ചു. പൊലീസ് ഔട്ട്പോസ്റ്റ് ജങ്ഷനിലും സമാനസ്ഥിതിയാണ്. തിരക്ക് വർധിച്ചതോടെ പ്രധാന റോഡുകളിലും ഇടറോഡുകളിലെയും അനധികൃത വാഹനപാർക്കിങ്ങാണ് പ്രധാനപ്രശ്നം. പലയിടത്തും നിയന്ത്രിക്കാൻ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു.
വസ്ത്ര, ഗൃഹോപകരണ വ്യാപാരസ്ഥാപനങ്ങളിൽ വൻഓഫറുകളും സമ്മാനങ്ങളും നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പലചരക്ക് സാധനങ്ങളും പച്ചക്കറിയും ചേർത്തുള്ള ഓണക്കിറ്റിനും ആവശ്യക്കാരുണ്ട്. 24 ഇനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റിന് 2000 രൂപയാണ് വില. കൺസ്യൂമർഫെഡ്, സപ്ലൈകോ, ഓണചന്തകൾ എന്നിവിടങ്ങളിൽ ആൾത്തിരക്കുണ്ടായിരുന്നു.
വ്യത്യസ്ത രൂചിമേളം തീർക്കുന്ന പായസവിൽപനയും പൊടിപൊടിച്ചു. പാലട, അടപ്രഥമൻ എന്നിവക്കാണ് ഡിമാൻഡ്. പാൽപായസം, കടലപ്രഥമൻ, പരിപ്പ് പ്രഥമൻ, പൈനാപ്പിൾ, പപ്പായ, കാരറ്റ്, ചക്ക പായസങ്ങളും വിപണിയിലുണ്ട്. ഓണസദ്യയുടെ നിരക്ക് 360 മുതൽ 500 രൂപ വരെയാണ്. വില കൂടുന്നതിന് അനുസരിച്ച് കറികളുടെയും പായസത്തിന്റെയും എണ്ണം കൂടും.
തിരുവോണദിനത്തിൽ ഹോട്ടലുകളും റസ്റ്റാറന്റുകളും സദ്യയൊരുക്കുന്നുണ്ട്. കെ.ടി.ഡി.സിയുടെ ഓണസദ്യക്ക് 399 രൂപയാണ് വില. 24ൽപരം വിഭവങ്ങളും പായസവും ഉൾപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും സദ്യമുതൽ പാൽപായസവും അടപ്പായസത്തിനും വരെ മുൻകൂർ ബുക്കിങ് അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.