ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയിൽ കുരുങ്ങി കയർ വ്യവസായം. കേരളത്തിൽനിന്ന് ഏറ്റവും കുടുതൽ കയർ കയറ്റി അയക്കുന്നത് അമേരിക്കയിലേക്കാണ്. അവിടെ കയർ ഉൽപന്നങ്ങൾ 50 ശതമാനം വില വർധന വരുന്നതോടെ ജനങ്ങൾ കയർ വാങ്ങുന്നത് നിർത്തിവക്കും. കയർ ഉൽപന്നങ്ങൾ അത്യാവശ്യ പട്ടികയിൽപെടുന്നതല്ലാത്തതിനാൽ അത് വാങ്ങുന്നത് നിർത്താൻ ജനങ്ങൾ നിർബന്ധിതരാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അവിടെ വില വർധിക്കാതിരിക്കണമെങ്കിൽ അത്രയും വിലകുറച്ച് കയറ്റി അയക്കേണ്ടിവരും.
ഇപ്പോഴത്തെ വിലയിൽനിന്ന് 50 ശതമാനം താഴ്ത്തിയാൽ കമ്പനികൾക്ക് പിടിച്ച് നിൽക്കാനാവില്ല. നാട്ടിൽ കയർ ഉൽപന്നങ്ങൾക്ക് വിൽപന കുറഞ്ഞതോടെ കയറ്റുമതിയിലൂടെയാണ് കമ്പനികൾ രക്ഷ കണ്ടെത്തിയത്. കയർ കോർപറേഷൻ പോലും കഴിഞ്ഞ സാമ്പത്തിക വർഷം 12 കോടിയോളം രൂപയുടെ കയർ കയറ്റുമതി ചെയ്തു. അതിൽ 70 ശതമാനവും അമേരിക്കയിലേക്കായിരുന്നു. കയർ, ചണം തുടങ്ങിയവകൊണ്ട് നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് അമേരിക്കയിലാണ് കുടുതൽ ഡിമാൻഡ് ഉണ്ടായിരുന്നത്. ആഗസ്റ്റ് 27 മുതൽ പുതിയ ചുങ്കം നടപ്പായതോടെ ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നിവയുടെ വിൽപനയിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട റീട്ടെയിൽ കമ്പനിയായ ഐക്കിയ പോലുള്ള കമ്പനികൾ കേരളത്തിൽനിന്നുള്ള കയർ ഉൽപന്നങ്ങൾ വാങ്ങുന്നത് നിർത്തി.
ഓണം സീസണിൽ കേരളത്തിലെ മാർക്കറ്റിൽ എത്രത്തോളം കയർ വിൽക്കാനാവും എന്നതിലാണ് പൊതുമേഖല സ്ഥാപനങ്ങളായ കയർ കോർപറേഷൻ, കയർഫെഡ്, ഫോംമാറ്റിംഗ് എന്നീ കമ്പനികൾ ശ്രമിക്കുന്നത്. കയർ കോർപറേഷനിൽ കെട്ടിക്കിടന്ന ഉൽപന്നങ്ങൾ ഭൂരിഭാഗവും വിറ്റഴിച്ച് നിവർന്ന് നിൽക്കുമ്പോഴാണ് പുതിയ പ്രതിസന്ധിയുണ്ടായത്. സ്വകാര്യ മേഖലയിൽ നിരവധി കമ്പനികളാണ് കയറ്റുമതിയെ മാത്രം ആശ്രയിച്ച് നിലനിൽകുന്നത്. അവരാണ് ഏറ്റവും പ്രതിസന്ധിയിലാകുന്നത്. കമ്പനികൾ കുഴപ്പത്തിലാകുന്നതോടെ തൊഴിലാളികളുടെ തൊഴിലിനെയും അത് ബാധിക്കും. ജില്ലയിലെ 25,000 ത്തോളം തൊഴിലാളികളെയാണ് ഈ പ്രതിസന്ധി നേരിട്ട് ബാധിക്കുക.
ജില്ലയുടെ സമ്പദ് വ്യവസ്ഥയിൽ തന്നെ അത് വലിയ തിരിച്ചടിയുണ്ടാക്കും. അമേരിക്ക ചുങ്കം കുറക്കുകയോ, കേന്ദ്ര സർക്കാർ പുതിയ ആശ്വാസ പദ്ധതികൾ ആവിഷ്കരിക്കുകയോ ചെയ്തില്ലെങ്കിൽ കയർ മേഖല പാടെ തകരുന്നതിന് ഇടയാകുമെന്ന് കയർ സഹകരണ സംഘങ്ങളിലെ ഭാരവാഹികൾ പറയുന്നു. കമ്പനികളെ മാത്രമല്ല, താഴെ തട്ടിൽ കയർ പിരി നടത്തുന്ന സഹകരണ സംഘങ്ങളെവരെ പുതിയ പ്രതിസന്ധി കുഴപ്പത്തിലാക്കും. അവരിൽനിന്ന് കയർ വാങ്ങിയാണ് കമ്പനികൾ മിക്കവയും പ്രവർത്തിക്കുന്നത്. ചകിരിയുടെ ലഭ്യത വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ചകിരി ബാങ്ക് പദ്ധതി വരുന്നതോടെ സംസ്ഥാനത്തെ കമ്പനികൾക്ക് ചകിരി ലഭ്യതയിൽ നേരിടുന്ന ക്ഷാമം പരിഹരിച്ച് മുന്നോട്ട് പോകാമെന്ന് വന്നതോടെ കമ്പനികൾ കൂടുതൽ ഉൽപാദനം നടത്താമെന്ന പ്രതീക്ഷയിലുമായിരുന്നു.
കഴിഞ്ഞ വർഷം ഓണക്കാലത്ത് കയർ കോർപറേഷന് നാല് കോടി രൂപയുടെ വിൽപന നേടാനായിരുന്നു. സമാനമായ വിൽപന നേട്ടം മറ്റ് പൊതു മേഖല സ്ഥാപനങ്ങൾക്കുമുണ്ടായി. ആഭ്യന്തര വിപണിയിൽ കയർ കോർപറേഷന് നടപ്പ് സാമ്പത്തിക വർഷം ഇതുവരെ നാല് കോടി രൂപയുടെ വിൽപന വളർച്ച നേടാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.