ആലപ്പുഴ: മന്ത്രിമാർ മത്സരരംഗത്തുണ്ടായിരുന്നെങ്കിൽ ആലപ്പുഴയിൽ യു.ഡി.എഫുമായുള്ള മത്സരം ഇത്രത്തോളം കടുക്കുമായിരുന്നില്ലെന്ന് സി.പി.എം വിലയിരുത്തൽ. അണികളിലും പ്രവർത്തകരിലുമുണ്ടായ വികാരം പാർട്ടി ജില്ല കമ്മിറ്റി യോഗത്തിൽ ചിലർ ഉന്നയിക്കുകയായിരുന്നു. ജില്ല നേതൃത്വത്തിൽ തന്നെയും ആലപ്പുഴ, അമ്പലപ്പുഴ ഏരിയയിലെ പ്രവർത്തകർക്കിടയിലുമാണ് ഈ വികാരം. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ജില്ല നേതൃത്വത്തിെൻറ വോട്ടുചർച്ചയിലും ചിലർ ഇത്തരത്തിൽ അഭിപ്രായം പ്രകടിപ്പിച്ചതായാണ് വിവരം. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന മാനദണ്ഡം നടപ്പാക്കിയതോടെയാണ് മൂന്ന് തവണ വിജയിച്ച ജി. സുധാകരനും ഡോ. തോമസ് ഐസക്കിനും മാറേണ്ടി വന്നത്. തുടർഭരണ സാധ്യത കണക്കിലെടുത്ത് ഇവർക്ക് ഇളവ് നൽകാമായിരുന്നു. എങ്കിൽ ആശങ്കക്ക് ഇടമുണ്ടാകുമായിരുന്നില്ല.
ഐസക്കിെൻറയും സുധാകരെൻറയും അഭാവം എതിരാളികളിൽ പ്രതീക്ഷ വളർത്തിയിട്ടുണ്ട്. എന്നാൽ, സീറ്റ് നഷ്ടം സംഭവിക്കില്ലെന്നും യോഗം വിലയിരുത്തി. ആലപ്പുഴയിലും അമ്പലപ്പുഴയിലും മന്ത്രിമാരെ മാനദണ്ഡങ്ങളുടെ പേരിൽ പുറത്തിരുത്തിയതിെൻറ ശരിതെറ്റുകൾ പാർട്ടിക്കുള്ളിൽ ചർച്ചയാണ്. സുധാകരനും ഐസക്കും മത്സരിച്ചിരുന്നെങ്കിൽ ജയം ഉറപ്പാണെന്ന് കരുതുന്നവരാണേറെ. വിഷയം പാർട്ടിയുടെ കീഴ്കമ്മിറ്റികളിലും വരുംദിവസങ്ങളിൽ ഉയർന്നുവരും. കണക്ക് പിഴക്കുകയോ സീറ്റുകൾ കൈവിട്ടുപോകുകയോ ഉണ്ടായാൽ വിഷയം പുകയും.
സർക്കാറിനെതിരെ ആരോപണങ്ങൾ തൊടുത്തും തീരദേശത്ത് ആഴക്കടൽ കരാർ ഉയർത്തിയും മറ്റും രംഗത്ത് സജീവമായ യു.ഡി.എഫ്, സി.പി.എമ്മിലെ പ്രമുഖർ സ്ഥാനാർഥി പട്ടികക്ക് പുറത്തായതും പ്രചാരണത്തിൽ എടുത്തിട്ടിരുന്നു. ഇതോടെ രണ്ടിടത്തും സ്ഥാനാർഥികളെ മന്ത്രിമാരുടെ നിഴലാക്കി നിർത്തിയാണ് പ്രചാരണം മുന്നോട്ടുകൊണ്ടുപോയത്.
രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഒഴികെ എട്ട് സീറ്റിലും വിജയമാണ് പാർട്ടി ആലപ്പുഴ ജില്ലയിൽ അവകാശപ്പെടുന്നത്. ജില്ല നേതൃത്വത്തിന് ലഭിച്ച കണക്കും ഇത്തരത്തിലാണ്. ബി.ജെ.പി ശക്തി തെളിയിച്ചാൽ ഹരിപ്പാടുപോലും ജയിക്കുമെന്നാണ് പാർട്ടി പുറത്തുപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.