പക്ഷിപ്പനിയെ തുടർന്ന് നിരോധനം പിൻവലിച്ചശേഷം ഹാച്ചറിയിൽനിന്നും വിരിയിച്ച താറാവിൻ കുഞ്ഞുങ്ങൾ. വീയപുരം മേൽപാടം തോട്ടില്നിന്നുള്ള ദൃശ്യം
ഹരിപ്പാട്: പക്ഷിപ്പനിമൂലം പ്രതിസന്ധിയിലായ താറാവ് കർഷകർ പ്രതീക്ഷയോടെ വീണ്ടും കൃഷിയിലേക്ക്. നീണ്ട നാളത്തെ ഇടവേളക്കുശേഷം അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലും താറാവ് കൃഷി വീണ്ടും സജീവമായി. കഴിഞ്ഞ ഏപ്രിലിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതോടെയാണ് കൃഷിയിൽ സജീവമാകാൻ കർഷകർ ഒരുങ്ങുന്നത്. ഇതോടെ ഹാച്ചറികളിലും തിരക്കായി.
ആയിരക്കണക്കിന് താറാവുകളുടെ ഓർഡറാണ് ഹാച്ചറികളിൽ ലഭിച്ചിട്ടുള്ളത്. കുഞ്ഞുങ്ങളെ വാങ്ങാൻ നേരിട്ട് നിരവധി കർഷകർ വരുന്നുണ്ടെങ്കിലും കൂടുതൽ താറാവുകളെ വാങ്ങുന്ന കർഷകർക്ക് മുൻഗണന നൽകിയാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. ഹാച്ചറികളിൽ വിരിയിക്കാൻ വെച്ചാൽ 28ാം ദിവസം മുട്ട വിരിഞ്ഞ് കുഞ്ഞാവും. വിരിച്ചിറക്കുന്ന ദിവസംതന്നെ താറാവിൻ കുഞ്ഞുങ്ങളെ കർഷകർക്ക് കൈമാറും.
കുട്ടനാട്ടിൽ ചാത്തങ്കരിയിലും അപ്പർ കുട്ടനാട്ടിൽ പള്ളിപ്പാട്, ചെന്നിത്തല എന്നിവിടങ്ങളിലുമാണ് താറാവിൻ കുഞ്ഞുങ്ങളുടെ ഉൽപാദനം നടക്കുന്നത്. അന്തർസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത മുട്ടകളുപയോഗിച്ചാണ് ഉൽപാദനം നടക്കുന്നതെന്നാണ് കർഷകർ പറയുന്നത്. ഒരു ഉൽപാദന കേന്ദ്രത്തിൽ ഒരേസമയം 15,000 മുതൽ 30,000 കുഞ്ഞുങ്ങളെ വരെ വിരിയിക്കാൻ ശേഷിയുള്ളതാണ് ഹാച്ചറികളിൽ അധികവും. പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് അടഞ്ഞു കിടന്നിരുന്ന ഹാച്ചറികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്.
പള്ളിപ്പാട്, ചെന്നിത്തല, വീയപുരം, ചെറുതന, എടത്വ, തലവടി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് താറാവ് കൃഷിയുമായി വീണ്ടും രംഗത്തുവന്നത്. മൂന്നുമാസം പിന്നിടുമ്പോൾ കൂട്ടത്തിൽനിന്ന് ഇറച്ചിത്താറാവുകളെ വേർതിരിക്കുകയും ചെയ്യും. നിലവിൽ കുട്ടനാട്ടിലെ ഇറച്ചിത്താറാവ് വിപണി ഏറെക്കുറെ നിർജീവമായ അവസ്ഥയിലാണ്. ഒരുവർഷത്തിലധികം നീണ്ടുനിന്ന പക്ഷിപ്പനിയെ തുടർന്നുള്ള നിരോധനവും ശേഷം ദ്രുതകർമസേനയുടെ നേതൃത്വത്തിൽ കൊന്നൊടുക്കുകയും ചെയ്തതോടെയാണ് താറാവ് കർഷകർ ദുരിതത്തിലായത്. ഡിസംബർ അവസാനത്തോടെയാണ് സർക്കാർ നിരോധനം പിൻവലിച്ചത്. പക്ഷിപ്പനി ഈ മേഖലയിൽ വരുത്തിവെക്കുന്ന ദുരിതങ്ങൾ ചെറുതല്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിലാണ് നിലവിൽ താറാവ് കർഷകർ ഉള്ളത്. പക്ഷിപ്പനി ഭീഷണി ഉണ്ടായാൽ വീണ്ടും ഇവർ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തും. പഴയകാല പ്രതാപത്തിലേക്ക് താറാവ് കൃഷി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.