ആലപ്പുഴ: തീരദേശ റെയിൽപാതയുടെ അമ്പലപ്പുഴ-എറണാകുളം ഭാഗം ഇരട്ടിപ്പിക്കലിനായി കേന്ദ്ര ബജറ്റിൽ നീക്കിവെച്ചത്​ അടങ്കൽ തുകയുടെ ചെറിയഭാഗം. എന്നിട്ടും പ്രതീക്ഷയുടെ ചൂളംവിളി. പാതയുടെ ജില്ലയിലെ ഭാഗം മുഴുവൻ ഇരട്ടപ്പാത ആകുമെന്നതിനാൽ വികസന പ്രതീക്ഷകൾക്കും ആക്കംകൂടി.

അമ്പലപ്പുഴ-എറണാകുളം ഭാഗത്തിന്റെ വികസനത്തിന് ബജറ്റിൽ അനുവദിച്ച 168.90 കോടിയിൽ 67.10 കോടി അമ്പലപ്പുഴ മുതൽ കുമ്പളം വരെയുള്ളതിനാണ്. അമ്പലപ്പുഴ-തുറവൂർ- 15 കോടി, തുറവൂർ-കുമ്പളം- 52.10 കോടി, കുമ്പളം-എറണാകുളം- 101.80 കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്.

കുമ്പളം-തുറവൂർ ഭാഗത്തിന് 825.37 കോടിയും തുറവൂർ-ആലപ്പുഴ ഭാഗത്തിന് 1281.63 കോടിയുമാണ് അടങ്കൽ തുക. 69.16 കിലോമീറ്ററാണ് അമ്പലപ്പുഴ-എറണാകുളം പാത.

2020 വരെ പദ്ധതി ഉപേക്ഷിച്ച നിലയിലായിരുന്നു. പാത ഇരട്ടിപ്പിക്കലിന്റെ ചെലവ് സംസ്ഥാനം പങ്കിടണമെന്ന നിർദേശം റെയിൽവേ മന്ത്രാലയം ഉന്നയിച്ചതോടെയായിരുന്നു ഇത്. പിന്നീട്, വിഷൻ 2024ൽ പാത ഉൾപ്പെടുത്തിയതോടെ പദ്ധതിക്ക് ജീവൻവെച്ചു. മുംബൈ-കന്യാകുമാരി ഹെവി യൂട്ടിലൈസ്ഡ് നെറ്റ്​വർക്കിന്റെ ഭാഗമായതിനാൽ എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് കടുംപിടിത്തത്തിൽനിന്ന് റെയിൽവേ അയഞ്ഞത്.കന്യാകുമാരി-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കൽ പൂർണമായും റെയിൽവേയുടെ ചെലവിലാണ് നടത്തിയത്. അതിനാൽ അമ്പലപ്പുഴ-എറണാകുളം ഇരട്ടപ്പാതയാക്കാനുള്ള പകുതിച്ചെലവ് കേരളം വഹിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചില്ല.

അടങ്കലിന് അനുമതിയാകുന്നതിനു മുമ്പേ സ്ഥലമെടുപ്പിനായി 510 കോടി രൂപ കലക്ടറേറ്റുകളിൽ ദക്ഷിണ റെയിൽവേ കെട്ടിവെച്ചിരുന്നു. ഇതിനെ റെയിൽവേ ബോർഡ് ചോദ്യം ചെയ്തതും അനിശ്ചിതത്വമുണ്ടാക്കി.

കായംകുളം മുതൽ അമ്പലപ്പുഴ വരെ 31 കി.മീ. ഭാഗത്തെ പാതയാണ് ഇരട്ടിപ്പിച്ചത്. ഇരട്ടപ്പാത പൂർത്തിയായാൽ ട്രെയിൻ ഓട്ടത്തിന് സമയകൃത്യത പാലിക്കാനാകും. ഈ പാതയിലെ ട്രെയിനുകളുടെ വൈകിയോട്ടത്തിന് അറുതിവരുന്നതിനു പുറമെ തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്കുള്ള യാത്രാക്ലേശത്തിനും പരിഹാരമാകും. 2003ൽ അന്നത്തെ കേന്ദ്ര റെയിൽ മന്ത്രി നിതീഷ് കുമാറാണ് കായംകുളത്തുനിന്ന് എറണാകുളത്തേക്ക് കോട്ടയം വഴിയും ആലപ്പുഴ വഴിയും പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു കല്ലിട്ടത്. കോട്ടയം വഴിയുള്ള പദ്ധതി പൂർത്തിയായെങ്കിലും ആലപ്പുഴയിലൂടെയുള്ളത് അമ്പലപ്പുഴവരെ എത്തി നിൽക്കുകയാണ്.

Tags:    
News Summary - The amount allocated for railway doubling in central budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.