ആലപ്പുഴ: കുടുംബശ്രീയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ ആരംഭിച്ച ‘സ്റ്റെപ്പ് അപ്പ്’ കാമ്പയിനിലൂടെ അപേക്ഷരുടെ എണ്ണത്തിൽ വർധന. ഇതുവരെ ജില്ലയിൽ 81,585 ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 35,971 പേർ പുരുഷന്മാരും 45,589 പേർ സ്ത്രീകളുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 25 പേരും ഫിഷറീസ് വകുപ്പുമായി ചേർന്നുള്ള തൊഴിൽതീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വിഭാഗത്തിൽ 3924 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് (ഡി.ഡബ്ല്യു.എം.എസ്.) അപേക്ഷിക്കേണ്ടത്. 18നും 59-നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കാണ് ഈ അവസരങ്ങളുള്ളത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ കൂടുതൽ തൊഴിലന്വേഷകരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ തൊഴിൽ മേഖല കണ്ടെത്താനാണ് കാമ്പയിൻസംഘടിപ്പിക്കുന്നത്. ഇതിനായി കുടുംബശ്രീ കമ്യൂണിറ്റി അംബാസിഡർമാർ വീടുകൾതോറും സന്ദർശിച്ച് തൊഴിലന്വേഷകരെ തേടും.
തദ്ദേശസ്ഥാപനതലത്തിൽ രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാനും സംവിധാനമുണ്ട്. നേരത്തെ നടത്തിയ സർവേ വഴി ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കമ്യൂണിറ്റി അംബസിഡർമാർ വീടുകളിൽ സന്ദർശനം നടത്തുന്നത്. ഇതിലൂടെ ഡി.ഡബ്ല്യൂ.എം.എസ്. കണക്ട് ആപ്പിൽ ഇനിയും പേര് രജിസ്ട്രർ ചെയ്യാനുള്ളവരെ കണ്ടെത്തും. വീടുകളിലെത്തിയാവും രജിസ്ട്രേഷനുള്ള അവസരവും ഒരുക്കുന്നത്.
തൊഴിൽ അന്വേഷകർക്ക് സ്വന്തം പ്രൊഫൈലിൽ അവരവരുടെ യോഗ്യത, സ്കിൽ എന്നിവ നൽകി താൽപര്യമുള്ള തൊഴിലുകളിലേക്ക് അപേക്ഷിക്കാം. പേഴ്സണാലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, കരിയർ ഗൈഡൻസ്, വർക്ക് റെഡിനെസ് പ്രോഗ്രാം (തൊഴിലൊരുക്കം), ഇംഗ്ലീഷ് സ്കോർ ടെസ്റ്റ്, റോബോട്ടിക് ഇന്റർവ്യൂ എന്നിങ്ങനെയുള്ള അഞ്ച് പരിശീലന പരിപാടികളുമുണ്ട്.
തൊഴിൽദാതാവ് തൊഴിൽ അന്വേഷകരുടെ അപേക്ഷ പരിശോധിച്ച് നിലവിലുള്ള അവസരങ്ങൾക്ക് അനുയോജ്യമെങ്കിൽ അഭിമുഖത്തിന് അവസരം നൽകും. താൽപര്യമുള്ള ജില്ലയും തെരഞ്ഞെടുക്കാം. ഉദ്യോഗാർഥി ആ ജോലിക്ക് പ്രാപ്തനാണോയെന്നറിയാൻ കരിയർ അസസ്മെന്റ് ടെസ്റ്റും നടത്തും. അതിൽ വിജയിച്ചാൽ കൗൺസലിങും ജോലിയുടെ സ്വഭാവത്തെക്കുറിച്ച് വിശകലനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.