ആലപ്പുഴ: അവനൊരു കൊടുങ്കാറ്റാണ്. ആ കാറ്റിൽ സംസ്ഥാന സ്കൂൾ കായികമേളയിലെ പല റെക്കോർഡുകളും കടപുഴകി വീണു. ആലപ്പുഴയുടെ മണ്ണിൽ നിന്ന് ഉയിർത്തുയർന്ന അവൻ സംസ്ഥാനത്തെ എണ്ണംപറഞ്ഞ വേഗ കൗമാരക്കാരിലൊരുവനായി. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണമാണ് അവൻ കൊയ്ത്തെടുത്തത്. ചാരമംഗലം ഗവ.ഡി.വി.എച്ച്.എസിലെ പ്ലസ് വൺ വിദ്യാർഥിയും മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചെത്തി തയ്യിൽ ടി.എക്സ്. ജയ്മോന്റെയും സിനിമോളുടെയും മകനുമായ ടി.എം. അതുൽ ആണ് കൊടുങ്കാറ്റായി ആഞ്ഞുവീശിയത്. 100 മീറ്ററിൽ അതുൽ ഭേദിച്ചത് 37 വർഷത്തെ റെക്കോഡാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ സ്പ്രിന്റിൽ 10.81 സെക്കഡിലും 200 മീറ്ററിൽ 21.87 സെക്കൻഡിലും ഫിനിഷ് ചെയ്താണ് അതുല്യ നേട്ടം കൈവരിച്ചത്.
200 മീറ്ററിലും ഒമ്പത് വർഷത്തെ റെക്കോഡ് ആണ് അതുൽ തിരുത്തിയത്. എട്ടാം ക്ലാസ് മുതലാണ് ഈ വേഗ രാജാവ് ട്രാക്കിൽ സജീവമായത്. കഴിഞ്ഞ ജില്ല കായിക മേളയിൽ 100, 200, 400 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടി വ്യക്തിഗത ചാംപ്യനായിരുന്നു. സംസ്ഥാന കായികമേളയിൽ 100, 200 മീറ്റർ മത്സരങ്ങളിൽ വെള്ളിയും നേടിയിരുന്നു. അത് ലറ്റിക്സിൽ 4×100 റിലേയിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി കേരള ടീമിൽ അംഗമായി. ഒഡീഷയിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്സിൽ 100 മീറ്റർ ഓട്ടത്തിൽ വെങ്കലവും നേടി. കലവൂർ എൻ. ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമിയിലെ കായികതാരമായ അതുൽ കെ.ആർ. സാംജിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അനന്യയാണ് സഹോദരി. സ്കൂൾ പഠനകാലത്ത് ട്രാക്കിലെ വേഗതാരങ്ങളായിരുന്നു മത്സ്യത്തൊഴിലാളിയായ ജയ്മോനും സിനിമോളും. പ്രതികൂല സാഹചര്യങ്ങൾ മൂലം മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. തങ്ങൾക്ക് നടക്കാതെ പോയ നേട്ടങ്ങൾ മകനിലൂടെ കിട്ടിയപ്പോൾ മാതാപിതാക്കൾക്കും അഭിമാന നിമിഷമായി.
നാട്ടിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ അതുലിന് വിപുലമായ സ്വീകരണമൊരുക്കാൻ തയാറെടുക്കുകയാണ് നാട്ടുകാർ. മാരാരിയുടെ ഉസൈൻ ബോൾട്ട് എന്നാണ് അതുലിനെ പി.പി. ചിത്തരഞ്ജൻ എം.എൽ.എ സോഷ്യൽ മീഡിയയിലൂടെ വിശേഷിപ്പിച്ചത്. ഒളിമ്പിക്സ് മെഡൽ നേടുകയാണ് ജീവിത ലക്ഷ്യമെന്ന് അതുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.