ആലപ്പുഴ: കായിക പ്രേമികൾക്ക് പുതു പ്രതീക്ഷ നൽകി മാരാരിക്കുളം പ്രീതികുളങ്ങരയിൽ ജിംനേഷ്യവും അത്‌ലറ്റിക് ട്രാക്കും ഇൻഡോർ കോർട്ടും ഉൾപ്പെടുന്ന മിനി സ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഉടൻ തന്നെ ഉദ്ഘാടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങരയിൽ കിഫ്ബി പദ്ധതിയിൽ 5.15 കോടിയോളം രൂപ ചെലവഴിച്ചാണ് കായികാചാര്യൻ കലവൂർ എൻ. ഗോപിനാഥിന്റെ സ്മരണാർഥമുള്ള സ്റ്റേഡിയം പൂർത്തിയാവുന്നത്.
സാധാരണ പുല്ലുപിടിച്ച ട്രാക്കിന് പകരം സിന്തറ്റിക് ട്രാക്കാണ് ഇവിടെ ഒരുക്കുന്നത്. ഇത് ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കായിരിക്കും. 200 മീറ്റർ നീളത്തിൽ ഒരേ സമയം നാല് പേർക്ക് ഓടാവുന്ന ട്രാക്കിന്റെ ജോലികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം സെവൻസ് ഫുട്ബോൾ ഗ്രൗണ്ടായും ഇത് ഉപയോഗിക്കാൻ സാധിക്കും. പഞ്ചായത്ത് എൽ.പി സ്കൂളിനോട് ചേർന്നുള്ള സ്ഥലത്താണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്. സ്റ്റേഡിയത്തിന് വടക്ക് സ്കൂളിനായി ആറ് ക്ലാസ് മുറികളുള്ള 6000 ചതുരശ്ര അടി വിസ്തീർണമുള്ള ബഹുനില കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. ട്രാക്കിന്റെ കിഴക്ക് ഭാഗത്തായി 7100 ചതുരശ്ര അടി വിസ്തീർണമുള്ള ഇൻഡോർ സ്റ്റേഡിയം ഒരുക്കിയിട്ടുണ്ട്. ഇവിടെ വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഷട്ടിൽ, ടെന്നീസ് തുടങ്ങിയവയും കളിക്കുവാൻ സൗകര്യമുണ്ട്. ഒരോ ഇനത്തിനുമായി കോർട്ട് ക്രമീകരിക്കുവാൻ കഴിയും. കോർട്ടിന്റെ തെക്കുഭാഗത്ത് പ്രധാന കവാടത്തിന് സമീപമാണ് ഫിറ്റ്നസ് സെന്റർ. ഇതിന്റെ കെട്ടിടം പണികൾ പൂർത്തിയായി.
കായിക താരങ്ങൾക്കും നാട്ടുകാർക്കും വ്യായാമത്തിനും ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും ജിംനേഷ്യം ഉപയോഗിക്കുവാൻ കഴിയും. സെവൻസ് ഫുട്ബോൾ ഗ്രൗണ്ടിന് ഗ്യാലറിയും ഫ്ലഡ്‌ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കിറ്റ്കോയ്ക്കാണ് ഇവയുടെ നിർമ്മാണ ചുമതല. വോളിബോളിൽ നിരവധി ദ്രോണാചാര്യൻമാരെയും അർജുന അവാർഡ് ജേതാക്കളെയും സൃഷ്‌ടിച്ച കലവൂർ എൻ.ഗോപിനാഥിന് അർഹതയ്‌ക്ക് അംഗീകാരമാകും സ്റ്റേഡിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.