ആറാട്ടുപുഴ: തൃക്കുന്നപ്പുഴ ചീപ്പിന്റെ നവീകരണ ഭാഗമായി തൃക്കുന്നപ്പുഴ പാലം പൊളിച്ചു നീക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. നിർമാണം എന്ന് പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകാതെ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനപ്രതിനിധികളും നാട്ടുകാരും. ഉറപ്പുകളൊന്നും പാലിക്കാതെ ഇഴഞ്ഞുനീങ്ങുന്ന നിർമാണ പ്രവർത്തനങ്ങളാണ് ജനങ്ങളുടെ ആശങ്കക്ക് കാരണം. ഏഴു വർഷം മുമ്പാണ് തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ നവീകരണം ആരംഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ നിർമാണം പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ, പകുതി പണി മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. ഒച്ചിഴയും വേഗത്തിലാണ് പണി പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിർമാണത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴ പാലം ഉടൻ പൊളിക്കുമെന്ന് ജലസേചന വകുപ്പ് എക്സി. എൻജിനീയർ പ്രസ്താവന പുറപ്പെടുവിച്ചത്. പൊളിക്കാൻ കാണിക്കുന്ന വേഗം പണിയുന്നതിൽ ഉണ്ടാകില്ലെന്ന ആശങ്ക പങ്കുവെച്ച് സമൂഹമാധ്യമങ്ങളിലും നൂറുകണക്കിന് പേരാണ് രംഗത്തുള്ളത്.
2022 ഒക്ടോബർ 30ന് നിർമാണ പുരോഗതി വിലയിരുത്താൻ രമേശ് ചെന്നിത്തല എം.എൽ.എ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ 2023 ജനുവരിയിൽ പാലം പൊളിച്ച് ഡിസംബറിന് മുമ്പ് പണി പൂർത്തീകരിക്കുമെന്ന് ജലസേചന വകുപ്പ് അധികാരികൾ ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പു പാലിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പാലം പൊളിക്കുന്നതിന്റെ മുന്നൊരുക്കവും പാലം പൊളിച്ചതിനുശേഷം ഗതാഗത സംവിധാനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും എക്സി. എൻജിനീയർ ഇറക്കിയ പ്രസ്താവന ജനങ്ങളിൽ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. പാലം പൊളിക്കുന്നതോടെ തീരവാസികളുടെ യാത്ര ദുരിതപൂർണമാകും. ബസ് സർവിസുകൾ കുറവായതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുക മാത്രമാകും ആശ്രയം. കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരും.
ഇതുവരെ നടന്ന നിർമാണം ജനത്തെ പ്രത്യക്ഷത്തിൽ ബാധിക്കുന്നതായിരുന്നില്ല. അതുകൊണ്ടാണ് പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങിയിട്ടും പ്രതിഷേധം ഉണ്ടാകാതിരുന്നത്. നിർമാണം എപ്പോൾ പൂർത്തീകരിക്കുമെന്ന് ഉറപ്പുനൽകാതെ പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ജനപ്രതിനിധികൾ ഒപ്പിട്ട നിവേദനം എം.എൽ.എക്കും കലക്ടർക്കും കൈമാറും. അതേസമയം, പാലം പൊളിക്കാനുള്ള നടപടിയുമായി ജലസേചന വകുപ്പ് മുന്നോട്ട് പോകുകയാണ്. ആറിന് കുറുകെ സഞ്ചരിക്കാനുള്ള ജങ്കാർ സർവിസുവരെ സജ്ജമായി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.