കായംകുളം: ശൗചാലയ മാലിന്യ സംസ്കരണ പദ്ധതി ഫയലിൽ തിരിമറി നടത്തിയതായി സംശയം. മൂന്ന് മാസത്തോളം ബന്ധപ്പെട്ട സ്ഥിരം സമിതിയും ഭരണപക്ഷക്കാരും കാണാതെ സൂക്ഷിച്ചിരുന്ന ഫയൽ ചട്ടപ്രകാരം പിടിച്ചെടുത്ത് പരിശോധിച്ചതോടെയാണ് തിരുത്തലുകൾ വരുത്തിയതായി സംശയം ഉയർന്നത്. ഇത് സംബന്ധിച്ച അജണ്ട വച്ച കഴിഞ്ഞ കൗൺസിൽ യോഗത്തിന് ശേഷം ചില കൗൺസിലർമാർ കണ്ടിരുന്നു. ഇതിന്റെ പകർപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ചെയർപേഴ്സൺ ബലമായി പിടിച്ചെടുത്തത് പ്രതിഷേധത്തിനും കാരണമായിരുന്നു.
അന്ന് ഫയലിലുണ്ടായിരുന്ന ചില രേഖകൾ ഇപ്പോൾ കാണാതായത് പദ്ധതിയിൽ കൂടുതൽ സംശയങ്ങൾക്ക് കാരണമാകുകയാണ്. കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയ തുക സംബന്ധിച്ച വിവരങ്ങളാണ് അപ്രത്യക്ഷമായവയിൽ പ്രധാനം. 1.25 കോടി രൂപക്കുള്ള അഞ്ച് വർഷത്തെ മെയിന്റനൻസ് കരാർ സംബന്ധിച്ചായിരുന്നു അജണ്ടയിൽ ഉൾപ്പെട്ടിരുന്നത്. ഇതിന്റെ വിശദാംശങ്ങൾ പദ്ധതി വിവാദമായതോടെ ഫയലിൽ നിന്ന് മാറ്റിയതായാണ് സംശയിക്കുന്നത്.
അഴിമതി നിഴലിലായ പദ്ധതി സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയതോടെ പ്രതിസന്ധിയിൽ നിന്ന് തലയൂരാൻ പാർട്ടി ഇടപെട്ടതോടെയാണ് ഫയലിലെ തിരുത്തലുകൾ എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ സി.പി.എം മുന്നോട്ട് വെച്ച നിർദേശങ്ങൾ അട്ടിമറിക്കപ്പെടുന്ന സമീപനമാണ് ചെയർപേഴ്സൺ സ്വീകരിക്കുന്നതെന്ന പരാതി വീണ്ടും തർക്കങ്ങൾക്ക് കാരണമാകുകയാണ്.
അഞ്ച് വർഷത്തേക്ക് 1.25 കോടിയുടെ മെയിന്റനൻസ് കരാർ ഒരു വർഷത്തേക്കായി ചുരുക്കുക, കമ്പനിയുമായി ചർച്ച ചെയ്ത് തുക കുറക്കുക, ഇതുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം വിളിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പാർട്ടി മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ ചർച്ചകൾക്ക് തയ്യാറാകാതെ മുൻകൂർ അനുമതിക്കായി അജണ്ട വെച്ച് യോഗം വിളിച്ചതാണ് സംശയങ്ങൾകിടയാക്കുന്നത്. വിഷയത്തിൽ സെക്രട്ടറിയെ തിരുത്തുമെന്ന ഉറപ്പും പാഴ് വാക്കായതായാണ് പരാതി.
വെള്ളിയാഴ്ച ഫയൽ ആവശ്യപ്പെട്ട സ്ഥിരം സമിതി അധ്യക്ഷയോടും വൈസ് ചെയർമാൻ അടക്കമുള്ളവരോടും സെക്രട്ടറി ധാർഷ്ട്യ നിലപാട് സ്വീകരിച്ചതും പരാതിക്കിടയാക്കി. ഈ സെക്രട്ടറിയുമായി മുന്നോട്ട് പോകാനാകില്ലെന്ന ഇവരുടെ നിലപാട് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് കാരണമാകുമെന്നും അറിയുന്നു.
കായംകുളം: പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പൊലീസ് കാവലിലായ നഗരസഭക്കുള്ളിൽ ശൗചാലയ സംസ്കരണ പദ്ധതി ഫയൽ നിഷേധിച്ചതിനെ ചൊല്ലി സെക്രട്ടറിയും ഭരണകക്ഷി അംഗങ്ങളും തമ്മിൽ വാഗ്വാദം. രാജി ഭീഷണി ഉയർത്തിയ സ്ഥിരം സമിതി അധ്യക്ഷ അധികാര പ്രയോഗത്തിലൂടെ വിവാദ ഫയൽ പിടിച്ചെടുത്ത് പരിശോധിച്ചു. ചട്ട പ്രകാരം ഫയൽ പരിശോധിക്കാനുള്ള സ്ഥിരം സമിതിയുടെ അവകാശം നിഷേധിച്ചത് നഗരസഭയിൽ നാടകീയ രംഗങ്ങൾക്കും കാരണമായി. രാവിലെ 11 മണിയോടെ ഓഫിസിൽ എത്തിയ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഫർസാന ഹബീബിന് ഉച്ചക്ക് 2.30 ഓടെയാണ് ഫയൽ കാണാനായത്.
ചെയർപേഴ്സന്റെ അനുവാദമില്ലാതെ ഫയൽ നൽകാനാകില്ലെന്ന് സെക്രട്ടറി നിലപാട് എടുത്തതോടെ ഇവർ തമ്മിൽ തർക്കമായി. ബഹളം കേട്ട് വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്.കേശനാഥ്, മായാദേവി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഹരിലാൽ എന്നിവരും എത്തിയതോടെ തർക്കം രൂക്ഷമായി. ചട്ടപ്രകാരം ബന്ധപ്പെട്ട സ്ഥിര സമിതി അധ്യക്ഷന് ഫയൽ കാണാനുള്ള അവകാശത്തിൽ വാദം മുറുകിയതോടെ ഗത്യന്തരമില്ലാതെ സെക്രട്ടറി വഴങ്ങിയെങ്കിലും കൈമാറൽ വൈകിപ്പിക്കുകയായിരുന്നു. ഫയൽ സൂക്ഷിച്ചിരിക്കുന്ന ക്ലാർക്ക് ഓഫിസിൽ നിന്ന് മുങ്ങിയതോടെ വിഷയം വീണ്ടും വഷളായി. സ്ഥിരം സമിതി അധ്യക്ഷക്ക് മണിക്കൂറുകളാണ് ഇവിടെ കാത്തിരിക്കേണ്ടി വന്നത്.
ഏറെ സമയം കഴിഞ്ഞ് ക്ലാർക്ക് എത്തിയെങ്കിലും ഫയൽ കൈമാറാതെ കളിയാക്കൽ സമിപനം സ്വീകരിച്ചതായി ആക്ഷേപം ഉയർന്നു. ഇതോടെ അപമാനിതയായ സ്ഥിരം സമിതി അധ്യക്ഷ വീണ്ടും സെക്രട്ടറിയുടെ ചേംബറിൽ എത്തി. അഞ്ച് മിനിറ്റിനകം ഫയൽ ഓഫിസിൽ എത്തിയില്ലെങ്കിൽ അധികാരമില്ലാത്ത അധ്യക്ഷയായി തുടരില്ലെന്ന് മുന്നറിയിപ്പ് നൽകി മടങ്ങി. ഇതോടെ അപകടം മണത്ത സെക്രട്ടറി ഗൗരവം തിരിച്ചറിഞ്ഞ് ഫയൽ സ്ഥിരം സമിതി അധ്യക്ഷയുടെ ചേംബറിൽ എത്തിക്കുകയായിരുന്നു. ഇതോടെയാണ് വൈസ് ചെയർമാനും ഇതര സ്ഥിരം സമിതി അധ്യക്ഷരും ആദ്യമായി ഫയൽ കാണുന്നത്. ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളായ എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി ഹരിലാലിനും ബഹളം കേട്ട് എത്തിയ യു.ഡി.എഫ് കൗൺസിലർ കെ. പുഷ്പദാസിനും ഫയൽ കണ്ട് ബോധ്യപ്പെടാനും കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.