ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്നാം സ്ഥാനത്തിന് പിന്നാലെ എത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയ അയോഗ്യത ഒഴിവാക്കി. അന്തിമ വിജയികളെ ഈ മാസം 19ന് ശേഷം പ്രഖ്യാപിക്കും. ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ നിലവിലെ തീരുമാനപ്രകാരം നടുഭാഗം രണ്ടാമതും മേൽപാടം മൂന്നാമതും നിരണം നാലാം സ്ഥാനത്തും തുടരും. അടുത്തയാഴ്ച കൈനകരിയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് നടക്കാനിരിക്കെയാണ് പ്രശ്നപരിഹാരമായത്.
ഫൈനല്‍ മത്സരിച്ച വള്ളങ്ങളുടെ അയോഗ്യത നീക്കിയതോടെ ഈ ചുണ്ടനുകള്‍ക്ക് സി.ബി.എല്ലിൽ മത്സരിക്കാനാകും. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ വീയപുരം ചുണ്ടനാണ് ഒന്നാമതെത്തിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിലാണ് നെഹ്റു ട്രോഫിയിൽ ജലരാജാവായത്. ഇതിന് പിന്നാലെ ഒപ്പം മത്സരിച്ച മറ്റു ചുണ്ടനുകള്ക്കെതിരെ പരാതി ഉയര്‍ന്നത്. എ.ഡി.എം ചെയര്‍മാനായ ജൂറി ഓഫ് അപ്പീലാണ് പരാതി പരിഗണിച്ചത്.
വെള്ളിയാഴ്ച ചേര്‍ന്ന ജൂറി ഓഫ് അപ്പീലിലില്‍ പരാതിക്കാരെയും വിളിച്ചുചേര്‍ത്തിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ നിശ്ചിത പരിധിക്കപ്പുറം പ്രഫഷനൽ തുഴക്കാതെ ഉപയോഗിച്ചുവെന്നായിരുന്നു പരാതി. എന്നാൽ, പരാതി നൽകിയ ക്ലബുകൾക്ക് തെളിവുകള്‍ സഹിതം ആരോപണം തെളിയിക്കാന്‍ സാധിച്ചില്ല. റേസ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പനത്തുഴക്ക് പകരം തടിത്തുഴ ഉപയോഗിച്ചെന്നും പരാതി ഉണ്ടായി. എന്നാല്‍, ഇതും തെളിയാനായില്ല.
പരാതിയില്‍ കൂടുതല്‍ കര്‍ശനം പാലിച്ചാല്‍ സി.ബി.എൽ മത്സരത്തെ ബാധിക്കും. അതിനാല്‍ പരാതികള്‍ നല്കിയവര് ഉള്‍പ്പെടെ പരാതിയില്‍ അയവുവരുത്തി. ഒന്നാം സ്ഥാനക്കാര്യത്തില് തര്‍ക്കമില്ലാത്തതിനാല്‍ സി.ബി.എല്ലിനെ കരുതി മറ്റ് സ്ഥാനക്കാര്‍ സംയമനം പാലിച്ചു. എന്നാല്‍, ഫൈനല്‍ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചട്ടില്ല. സീസണിലെ ആദ്യ സി.ബി.എൽ ഈമാസം 19ന് കൈനകരിയിലാണ് നടക്കുന്നത്. ഒമ്പത് വള്ളങ്ങളെ തെരഞ്ഞെടുക്കുന്നത് നെഹ്റു ട്രോഫിയിൽ മികച്ചസമയം കണ്ടെത്തിയവരെയാണ്. നിലവിൽ അയോഗ്യ നീക്കിയതോടെ വീയപുരം, നടുഭാഗം, മേൽപാടം, നിരണം, പായിപ്പാടന്, നടുവിലേപ്പറമ്പന്‍, കാരിച്ചാല്‍, ചെറുതന, ചമ്പക്കുളം എന്നീ ചുണ്ടനുകള്‍ സി.ബി.എല്ലിൽ പോരിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.