വോളിബാളിൽ മിന്നുംതാരമായി നീലിമ

കായംകുളം: കായിക കളത്തിൽ കരുത്തി‍െൻറയും വേഗത്തി‍െൻറയും താരമായി മാറിയ നീലിമ ഓണാട്ടുകരയുടെ അഭിമാനമാകുന്നു. വോളിബാൾ കളിയിലാണ് ഭരണിക്കാവ് മൂന്നാംകുറ്റി ചിത്തിരമംഗലത്ത് ശശിധരൻ നായർ- അജിത ദമ്പതികളുടെ മകളും ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് ബി.കോം വിദ്യാർഥിയുമായ നീലിമ (19) മിന്നുംതാരമാകുന്നത്. പറന്നുപൊങ്ങി വായുവിലൂടെ സ്മാഷുകൾ പായിച്ചാണ് സംസ്ഥാന ടീമിൽ ഇടം പിടിച്ചത്. ദേശീയ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെള്ളി മെഡൽ നേടിയതിൽ നീലിമ തൊടുത്തുവിട്ട സ്മാഷുകൾക്കും പങ്കുണ്ട്.

സ്കൂൾ പഠനകാലത്താണ് രംഗപ്രവേശം. വോളിബാൾ കൂടാതെ ക്രിക്കറ്റിലും മികവ് കാട്ടിയിട്ടുണ്ട്. ഓട്ടത്തിലും നിരവധി തവണ ഒന്നാമത് എത്തി. പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെ തിരുവനന്തപുരം സായിയിലെ പഠനമാണ് കായിക രംഗത്തെ വഴിത്തിരിവിന് കാരണമായത്. പ്ലസ് ടു കാലത്താണ് കേരളത്തിനായി ആദ്യം ജേഴ്സി അണിയുന്നത്. തമിഴ്നാട്ടിലെ ധർമപുരിയിൽ നടന്ന മത്സരത്തിൽ വെങ്കല മെഡൽ ലഭിച്ചതോടെ നീലിമയും ശ്രദ്ധിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ ഇസ്ലാപൂരിലായിരുന്നു ഇത്തവണ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് അരങ്ങേറിയത്.

കെ.എസ്.ഇ.ബി കോച്ചായ എം.കെ. പ്രജീഷാണ് കളിക്കളത്തിലെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത്. ഇപ്പോൾ സ്പോർട്സ് കൗൺസിൽ കോച്ച് അനിൽകുമാറാണ് പരിശീലകൻ. നീളം നിങ്ങൾക്ക് പ്രശ്നമായി തോന്നുന്നുവോ, എങ്കിൽ സായി വിളിക്കുന്നു എന്ന പത്രപ്പരസ്യമാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് നീലിമ പറഞ്ഞു. കളിക്കളത്തിലെ മികവിന് ഇതിനോടകം 30ഓളം പുരസ്കാരം തേടിവന്നിട്ടുണ്ട്. പിതാവ് ശശിധരൻ നായർ ഭരണിക്കാവ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനാണ്. മാതാവ് അജിത മുൻ പഞ്ചായത്തംഗമാണ്. സഹോദരി അനുപമക്കും കായിക മത്സരങ്ങളോട് പ്രിയമാണ്.

Tags:    
News Summary - Neelima is a shining star in volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.