യുവാവിന്‍റെ കൊലപാതകം; ഒന്നാംപ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ: മുൻവൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ സംഘംചേർന്ന് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ആലപ്പുഴ കനാൽ വാർഡിൽ ചക്കംപറമ്പ് വീട്ടിൽ ഇർഷാദിനെ (19) കൊലപ്പെടുത്തിയ കേസിൽ ആലപ്പുഴ സനാതനം വാർഡിൽ വെളിംപറമ്പ് മാഹിനെയാണ് (35) ആലപ്പുഴ അഡീഷനൽ സെഷൻസ് മൂന്നാം കോടതി ജഡ്ജി എം. ഷുഹൈബ് ശിക്ഷ വിധിച്ചത്.

2010 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് 7.15ന് ആലപ്പുഴ സെന്‍റ് മേരീസ് സ്കൂളിന് വടക്കുവശത്തെ കലുങ്കിൽ ഇർഷാദും സുഹൃത്തായ ജോസ് ആന്‍റണിയും ഇരുന്ന് സംസാരിക്കുമ്പോൾ ഏഴംഗ സംഘം മാരാകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ ഇർഷാദ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്. പരിക്കേറ്റ ജോസ് ആന്‍റണിയുടെ മൊഴിയാണ് നിർണായകമായത്.

പ്രതികളായ ഏഴുപേരിൽ നാലാം പ്രതിയായ മുജീബിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. ബാക്കി അഞ്ച് പ്രതികൾ പ്രായപൂർത്തിയാകാത്തതിനാൽ ചേർത്തല ജുവനൈൽ ജസ്റ്റിസ് കോടതിയിൽ വിചാരണ നടപടികൾ നടക്കും. ആലപ്പുഴ നോർത്ത് പൊലീസ് എസ്.എച്ച്.ഒ ആയിരുന്ന കെ.എ. തോമസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.ബി. ശാരി ഹാജരായി.

Tags:    
News Summary - Murder of young man; First accused gets life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.