ആലപ്പുഴ: തീരദേശ റെയിൽപാതയിൽ അമ്പലപ്പുഴ-ആലപ്പുഴ ഇരട്ടപാതക്ക് റെയിൽവേയുടെ പച്ചക്കൊടി. അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ഭാഗത്ത് പാത ഇരട്ടിപ്പിക്കാൻ 324.16 കോടിയാണ് റെയിൽവേ അനുവദിച്ചത്. ഈ ഭാഗത്ത് രണ്ടാംപാത വരുന്നതോടെ ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ ഇരട്ടപ്പാതയാകും. ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്കും സാധ്യതയേറും. ആലപ്പുഴ വഴിയുള്ള പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയാണ് ഇരട്ടപ്പാതയുള്ളത്. എറണാകുളം മുതൽ കുമ്പളം വരെയും കുമ്പളം മുതൽ തുറവൂർ വരെയും രണ്ടാംപാത നിർമാണം പുരോഗമിക്കുകയാണ്. ഇവിടെ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു. പാലങ്ങളുടെ കോൺക്രീറ്റ് പണികളും പാതക്കായി മണ്ണിട്ട് ഉയർത്തുന്ന നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള 46 കിലോമീറ്റർ ദൂരം രണ്ടാംപാത നിർമാണത്തിന് വർഷങ്ങളായി കേരളം അനുമതി കാത്തിരിക്കുന്നത്.
യാത്രാദുരിതമേറെ
ഇരട്ടപ്പാതയില്ലാത്തതിനാൽ തീരദേശപാതയിൽ വലിയ യാത്രാദുരിതമാണ് നേരിടുന്നത്. ഒറ്റവരിപ്പാതയായതിനാൽ ആവശ്യത്തിന് മെമു ട്രെയിനുകളോ പുതിയ എക്സ്പ്രസ് ട്രെയിനുകളോ ലഭിക്കുന്നില്ല. തീരദേശ പാതയിലൂടെ ട്രെയിനുകൾ കുറവായതിനാൽ നിലവിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകളിലെല്ലാം വൻതിരക്കാണ്. രാവിലെയും വൈകീട്ടുമുള്ള ട്രെയിനുകളിൽ നിൽക്കാൻ പോലും ഇടമില്ല. തിക്കും തിരക്കും കാരണം യാത്രികർ കുഴഞ്ഞുവീഴുന്ന സ്ഥിതിയുമുണ്ട്. വന്ദേഭാരത് അടക്കമുള്ള മറ്റു ട്രെയിനുകൾക്ക് കടന്നുപോകാനായി പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നത് യാത്രാദുരിതം ഏറെയാണ്.
വർഷങ്ങളുടെ കാത്തിരിപ്പ്: ഇനിയും നീളും
2017ലാണ് അമ്പലപ്പുഴ-തുറവൂർ പാതയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. 1000 കോടിക്ക് മുകളിലുള്ള പദ്ധതികൾക്ക് നീതി ആയോഗിന്റെയും കാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേഴ്സിന്റെയും (സി.സി.ഇ.എ) അനുമതി ആവശ്യമായിരുന്നു. നീതി ആയോഗ് പരിഗണിച്ചെങ്കിലും പദ്ധതിക്ക് സി.സി.ഇ.എ അനുമതി ലഭിക്കാതെ വന്നതോടെ പദ്ധതി എങ്ങുമെത്തിയില്ല. ഇതോടെ റെയിൽവേ നിർമാണ വിഭാഗം പദ്ധതി മൂന്നായി തിരിച്ച് എസ്റ്റിമേറ്റ് പുതുക്കി നൽകിയതിൽ ഒന്നിനാണ് അനുമതിയായത്. പാത പൂർത്തിയായാൽ ദിവസവും ഒമ്പത് പുതിയ ട്രെയിനുകൾ വരെ ഓടിക്കാമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഇതിനു പുറമേവർഷം 28.8 ലക്ഷം ടൺ ചരക്കുനീക്കവും സാധ്യമാകും. ഇതിലൂടെ റെയിൽവേക്ക് വർഷം 3.23 കോടിയുടെ അധിക വരുമാനം കിട്ടുമെന്നാണ് പ്രതീക്ഷ.
അനിശ്ചിതത്വത്തിന് വിരാമമായി -കെ.സി. വേണുഗോപാൽ എം.പി
ആലപ്പുഴ: തീരദേശ പാത ഇരട്ടിപ്പിക്കൽ സംബന്ധിച്ച് കഴിഞ്ഞ 10 വർഷമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമായയെന്ന് കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ മൂന്നു പ്രത്യേക പദ്ധതികളാക്കി വിഭജിച്ച് നടത്തിപ്പ് വേഗത്തിലാക്കാൻ റെയിൽവേ ബോർഡിന് നിർദേശം സമർപ്പിച്ചിരുന്നു. മൊത്തം പദ്ധതിച്ചെലവ് മൂന്നായി വിഭജിക്കും. ഇതനുസരിച്ച് അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള 12.12 കിലോമീറ്റർ പാത ഇരട്ടിപ്പിക്കുന്നത് ആദ്യഘട്ടമായി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ ബാക്കിയായ ഏക മേഖലയാണ് അമ്പലപ്പുഴ-കുമ്പളം വരെയുള്ള തീരദേശ പാത. ഇതിൽ തുറവുർ മുതൽ കുമ്പളം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതിയായിരുന്നു. ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ബാക്കിയുള്ള അമ്പലപ്പുഴ-തുറവൂർ പ്രദേശത്തെ അനിശ്ചിതത്വം പരിഹരിക്കാൻ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന നിർദേശം നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇനി മാരാരിക്കുളം- തുറവൂർ രണ്ടാംറീച്ച്
പാതയിലെ അമ്പലപ്പുഴ-ആലപ്പുഴ പാതക്ക് അംഗീകാരം നൽകിയതിനു പിന്നാലെ രണ്ടാം റീച്ചായി മാരാരിക്കുളം-തുറവൂർ പാത ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരം നേടാനുള്ള നടപടി പുരോഗമിക്കുകയാണ്. 430 കോടിയാണ് ഈ മേഖലക്കായി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയത്. പ്രോജക്ട് എക്സാമിനേഷൻ കമ്മിറ്റി, പി.എം. ഗതിശക്തി ഡയറക്ടറേറ്റ് എന്നിവരുടെ അനുമതി നേടിയാൽ പദ്ധതി ആരംഭിക്കാനാകും. മൂന്നാം റീച്ചായ മാരാരിക്കുളം-തുറവൂർ അതിനുശേഷം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.