ആലപ്പുഴ: സമൂഹമാധ്യമങ്ങളിൽ യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പണം തട്ടിയെന്ന പരാതിയിൽ ഭർത്താവിനും ഭാര്യക്കുമെതിരെ സൈബർ പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിയ യുവതിയുടെ പരാതിയിൽ മാവേലിക്കര തഴക്കര സ്വദേശികളായ ഭാര്യക്കും ഭർത്താവിനുമെതിരെയാണ് കേസെടുത്തത്.
സോഷ്യൽമീഡിയയിൽ നിരവധി ഫോളവേഴ്സുള്ള യുവതി റീൽസും മറ്റ് ചിത്രങ്ങളും അക്കൗണ്ടിലുടെ പങ്കുവെക്കാറുണ്ട്. ഈചിത്രമെടുത്ത് സമൂഹമാധ്യമത്തിൽ പുതിയ അക്കൗണ്ട് തുറന്നായിരുന്നു തട്ടിപ്പ്. യുവതിയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് നാലിലേറെ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചു.
വ്യാജ അക്കൗണ്ടിൽ എത്തുന്ന ആളുകളുമായി ചാറ്റ് നടത്തിയാണ് പണം അപഹരിച്ചത്. ഭർത്താവ് മരിച്ചെന്നും കുട്ടിക്ക് രോഗമാണെന്നും പറഞ്ഞ് സഹതാപം തേടി. സംശയം തോന്നാതിരിക്കാൻ സ്ത്രീ തന്നെ വോയിസ് നോട്ടുകളും വോയ്സ് കോളുകളും പലർക്കും അയച്ചുനൽകി. മകന്റെ ചികിത്സക്ക് പണമില്ലെന്ന് പറഞ്ഞും സഹായംതേടി. പലരും ഇത് സത്യമാണെന്ന് വിശ്വസിച്ച് സാമ്പത്തികസഹായം ബാക്ക് അക്കൗണ്ടിലേക്ക് നൽകി.
പിന്നീട് യഥാർഥ അക്കൗണ്ട് ഉടമയായ യുവതിയോട് പണം നൽകിയവരിൽ ചിലർ കുട്ടിയുടെ അസുഖവിവരങ്ങൾ പങ്കുവെച്ചതോടെയാണ് തന്‍റെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിച്ചത് തിരിച്ചറിഞ്ഞത്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി വ്യാജപ്രൊഫൈലുണ്ടെന്നും പണം ചോദിച്ചുള്ള ചാറ്റിൽ കുടുങ്ങരുതെന്നും കാണിച്ച് യുവതി പോസ്റ്റിട്ടു. ഇതോടെ പണം നഷ്ടപ്പെട്ടവരുടെ വിവരങ്ങളടങ്ങുന്ന സ്ക്രീൻ ഷോട്ടുകൾ സഹിതം സൈബർ പൊലീസിന് പരാതി നൽകി. തുടർന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്.
ഇതിന് പിന്നാലെ തട്ടിപ്പ് സംഘം യുവതിയുടെ ചിത്രം ഉപയോഗിച്ചുള്ള ചില അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. തട്ടിപ്പിൽ പണം നഷ്ടമായ പലരും സ്ക്രീൻ ഷോട്ട് അടക്കം യുവതിയെ സമൂഹമാധ്യത്തിലുടെ അറിയിച്ചു. പലരിൽനിന്നും 500-1000 വീതം പലരിൽനിന്നും വാങ്ങിയിട്ടുള്ളത്. ഭാര്യയുടെയും ഭർത്താവിന്റെയും പേരിലുള്ള ജോയന്‍റ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചുവാങ്ങിയത്. തട്ടിപ്പിൽ എത്രപേർ അകപ്പെട്ടിട്ടുണ്ടെന്ന് വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.