ആലപ്പുഴ: നഗരസഭയിലെ കെട്ടിടനികുതി കൂട്ടാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കെട്ടിടനികുതി നിരക്ക് പരിഷ്കരണത്തിന് ആക്ഷേപം ഉന്നയിക്കാൻ ഒരുമാസത്തെ കാലാവധി നൽകിയെങ്കിലും പരാതികൾ ലഭിക്കാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം നികുതി കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. പാർപ്പിട ആവശ്യത്തിനുള്ള 300 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ചതുരശ്രമീറ്ററിന് 15 രൂപയാക്കി. 300 ചതുശ്രമീറ്ററിന് മുകളിലുള്ള പാർപ്പിടങ്ങൾക്ക് 19 രൂപയാണ് നിരക്ക്. ഇനിയുള്ള ഓരോ വർഷവും അഞ്ച് ശതമാനം നിരക്കിൽ വർധനയുണ്ടാകും. പരാതികൾ കേൾക്കാനുള്ള അവസരം നൽകിയശേഷമാണ് അന്തിമമായി വസ്തുനികുതി പരിഷ്കരണം നഗരസഭ പാസാക്കിയത്.
കെട്ടിട നികുതി പരിഷ്കരണംപോലെ പ്രാധാന്യമുള്ള വിഷയത്തിൽ തീരുമാനമെടുക്കാൻ ചേർന്ന അടിയന്തര കൗൺസിൽ പ്രതിപക്ഷത്തുനിന്ന് എത്തിയ മൂന്ന് അംഗങ്ങൾ മാത്രം. കോൺഗ്രസ് കൗൺസിലർമാർ ആരും എത്തിയില്ല. സ്വതന്ത്ര കൗൺസിലർ ബി. മെഹബൂബ്, ബി.ജെ.പി കൗൺസിലർമാരായ ഹരികൃഷ്ണൻ, സുമ എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് എത്തിയത്.
ആലപ്പുഴ: കെട്ടിട നികുതി കൂട്ടാൻ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ കോൺഗ്രസ് അംഗങ്ങൾ. 300 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് ചതുരശ്ര മീറ്ററിന് 15 രൂപയായി ഉയർത്തുന്നത് ജനദ്രോഹമാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു ആരോപിച്ചു. കോൺഗ്രസ് അംഗങ്ങളായ അഡ്വ. റീഗോ രാജു, സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, ജി. ശ്രീലേഖ, സുമം സ്കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസ്സി മോൾ ബെനഡിക്റ്റ്, പി.ജി. എലിസബത്ത് എന്നിവരാണ് വിട്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.