മാന്നാർ: 67ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവം കൂര്യത്ത് കടവിലെ മാന്നാർ മഹാത്മാഗാന്ധി വാട്ടർ സ്റ്റേഡിയത്തിൽ ഈമാസം 27ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒമ്പത് ചുണ്ടൻ വള്ളങ്ങൾ, ഒമ്പത് വെപ്പ് വള്ളങ്ങൾ, ഇരുട്ടുകുത്തി, ഓടി, ചുരുളൻ, കമ്പനി വിഭാഗങ്ങളിലായി 40 കളിവള്ളങ്ങൾ മാറ്റുരക്കും. വെപ്പ് വിഭാഗത്തിലെ മത്സര വിജയികൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ട്രോഫി നൽകും.
മഹാത്മാഗാന്ധി അവാർഡ് ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രസാദ് പട്ടശ്ശേരി നൽകും. ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. കഴിഞ്ഞ വർഷം ട്രാക്കിനെ ചൊല്ലിയുള്ള തർക്കവും ചുണ്ടൻ വള്ളങ്ങൾ തമ്മിലുണ്ടായ സംഘാർഷാവസ്ഥയും ഒഴിവാക്കാൻ ട്രാക് പുനഃക്രമീകരണവും ക്യാപ്റ്റൻസ് ക്ലിനിക്കും 21ന് ജലോത്സവ സമിതി ഓഫിസിൽ നടക്കും. മഹാത്മാഗാന്ധി ജലോത്സവത്തിന് സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ല. ചെറിയ മത്സരങ്ങൾക്കുപോലും രണ്ടുമുതൽ അഞ്ചുലക്ഷം രൂപവരെ ഗ്രാന്റ് നൽകിയിട്ടും മഹാത്മാഗാന്ധിയുടെ പേരിലുള്ള മത്സരത്തിന് ധനസഹായം നൽകുന്നില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.
വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ അഡ്വ. എൻ. ഷൈലാജ്, ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ, സോമരാജൻ, തോമസ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.