ആലപ്പുഴ: കുട്ടനാട്ടിലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോൽവിയെച്ചൊല്ലി ഇടതുഘടകകക്ഷികളായ സി.പി.എം-സി.പി.ഐ പോര് മുറുകി. തോൽവിയുടെ ഉത്തരവാദിത്തം സി.പി.ഐക്കാണെന്ന സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറിന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ ജില്ല സെക്രട്ടറി എസ്. സോളമൻ രംഗത്തെത്തി.
കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽ എട്ടിടത്ത് യു.ഡി.എഫ് വിജയിക്കുകയും ഇടതുകോട്ടയായ കൈനകരി, രാമങ്കരി അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് നേതാക്കളുടെ പഴിചാരൽ. മുന്നണി ബന്ധം പാലിക്കാതെ സി.പി.ഐ മത്സരിച്ചതാണ് കുട്ടനാട്ടിലെ തോൽവിക്ക് കാരണമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ആരോപിച്ചു. മുന്നണിയിൽ ഐക്യമില്ലാത്തതാണ് തോൽവിക്ക് കാരണം.
മുന്നണിക്ക് പുറത്തുനിന്ന് മത്സരിച്ചവർക്ക് സി.പി.ഐ പാർട്ടി ചിഹ്നം നൽകിയത് തിരിച്ചടിയായി. ഇവിടെ യു.ഡി.എഫും ബി.ജെ.പിയും നേട്ടമുണ്ടാക്കി. കുട്ടനാട് പരസ്പരം മത്സരിക്കാൻ പാടില്ലെന്ന് നേതൃത്വം തീരുമാനിച്ചിരുന്നു. സി.പി.ഐ ജില്ല നേതൃത്വം അതിൽ തെറ്റായ സമീപനം സ്വീകരിച്ചെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ, തോൽവിക്ക് കാരണം സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സി.പി.ഐ ജില്ല സെക്രട്ടറി എസ്. സോളമൻ ആരോപിച്ചു.
സി.പി.എം നൽകുന്ന രണ്ടുസീറ്റ് വാങ്ങി മത്സരിക്കാനല്ല സി.പി.ഐ മത്സരിക്കുന്നത്. ജയസാധ്യതയില്ലാത്ത സ്ഥലങ്ങളിൽ സീറ്റ് നൽകുകയും കൂടിയാലോചനകളില്ലാതെ സ്ഥാനാർഥികളെ നിശ്ചയിക്കുകയും ചെയ്യുന്ന സി.പി.എമ്മാണ് മുന്നണി മര്യാദ ലംഘിച്ചത്. കുട്ടനാട്ടിൽ ചില സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ അവിടെ സ്ഥാനാർഥികളെ നിശ്ചയിക്കുകയും അവർ ഒരുറൗണ്ട് വീടുകയറിയുള്ള പ്രചാരണം ആരംഭിക്കുകയും ചെയ്തുവെന്ന് പറയുന്നതാണോ മുന്നണി മര്യാദയെന്നും സോളമൻ ചോദിച്ചു.
കുട്ടനാട്ടിലെ തോൽവി സി.പി.ഐയുടെ മണ്ടക്ക് വെക്കാൻ നോക്കണ്ട. അത് സി.പി.ഐ ഒറ്റക്ക് മത്സരിച്ചതുകൊണ്ടല്ല. കൈനകരി പഞ്ചായത്ത് സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ്.
അവിടെ സി.പി.എം തോറ്റത് സി.പി.ഐയുടെ കുഴപ്പംകൊണ്ടല്ല. അസഭ്യം പറഞ്ഞിട്ട് കാര്യമില്ല. കുട്ടനാട്ടിൽ സി.പി.എമ്മിൽ ഉടലെടുത്ത ആഭ്യന്തരവിഷയം മറച്ചുവെക്കാനുള്ള ശ്രമമാണിത്. ഇത് അന്വേഷിച്ച് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് പിടിച്ചെടുത്ത മുട്ടാറിലും രാമങ്കരിയിലും സി.പി.എമ്മും സി.പി.ഐയും പാർട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്. ഇടതുകോട്ടയായ കൈനകരി, രാമങ്കരി, നീലംപേരൂർ പഞ്ചായത്തുകളും ഇടതിനെ കൈവിട്ടു.
നീലംപേരൂരിൽ എൻ.ഡി.എ അധികാരം പിടിച്ചെടുത്തു. സി.പി.എം ജില്ല കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ഉണ്ണികൃഷ്ണൻ പരാജപ്പെട്ടതും സി.പി.എമ്മിന് തിരിച്ചടിയായി. കാവാലം, നെടുമുടി, വെളിയനാട് പഞ്ചായത്തുകളാണ് എൽ.ഡി.എഫിനൊപ്പം നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.