അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കാക്കതുരുത്തിലേക്ക് പാലം നിർമിക്കുന്നതിന് സാമൂഹികാഘാത പഠനറിപ്പോർട്ട് തയാറാക്കാൻ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആർ.പ്രദീപ്, കിഫ്ബി ഉദ്യോഗസ്ഥർ, റവന്യൂ അധികൃതർ, പ്രദേശവാസികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
2016 -17 വർഷത്തെ ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം പണി പൂർത്തിയാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ രൂപരേഖക്ക് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. 38 കോടിയാണ് എസ്റ്റിമേറ്റ് തുക. ആഗോള ടൂറിസം ഭൂപടത്തിൽ ദ്വീപ് ഇടം നേടിയിട്ടും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലം സഞ്ചാരികൾക്ക് തുരുത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്നില്ലെന്ന ആക്ഷേപത്തിന് പരിഹാരമാണ് പാലം. തുരുത്തിലുള്ളവർക്ക് പുറംലോകത്തെത്താൻ ചെറുവള്ളങ്ങളാണ് ഇന്നും ആശ്രയം.
രണ്ടു വാഹനങ്ങൾക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയും വിധമാണ് പാലം നിർമിക്കുക. സാമൂഹികആഘാത പഠനറിപ്പോർട്ട് കലക്ടർക്ക് കൈമാറും.
തുടർന്ന് ഹൈപവർ കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.