കൈ​ക്ക് പ​രി​ക്കേ​റ്റ രാ​ധാ​കൃ​ഷ്ണ​പി​ള്ള 

കൈയിൽനിന്ന് ചില്ലു കഷണങ്ങൾ പുറത്തെടുത്ത സംഭവം; വിജിലൻസ് സംഘം ഇന്ന് ആശുപത്രിയിൽ

തുറവൂർ: വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ഗവ. ആശുപത്രിയിൽ ചികിത്സ തേടിയ ഗൃഹനാഥന്‍റെ കൈയിൽ നിന്നു 63 ദിവസത്തിന് ശേഷം ശസ്ത്രക്രിയിലുടെ പുറത്തെടുത്തത് അഞ്ചു ചില്ലു കഷ്‌ണം. തുറവൂർ വളമംഗലം മേനോംവീട്ടിൽ രാധാകൃഷ്ണ‌പിള്ളയുടെ കയ്യിൽ നിന്നാണ് ആശുപത്രി അധികൃതരുടെ അനാസ്‌ഥയെത്തുടർന്നു മുറിവിൽനിന്നു ചില്ല് കഷ്‌ണങ്ങൾ കണ്ടെടുത്തത്.

കഴിഞ്ഞ വർഷം ഡിസംബർ 16ന് കളവംകോടം പാലത്തിനു സമീപം തെരുവ് നായ വട്ടം ചാടിയതിനെ തുടർന്ന് ഇവർ സഞ്ചരിച്ച ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു. വലതു കയ്യുടെ മുട്ടിന് മുകളിൽ പരുക്കേൽക്കുകയും മറിഞ്ഞ ഓട്ടോയുടെ മുൻഭാഗത്തെ ചില്ല് പൊട്ടുകയും ചില്ല് കഷ്‌ണങ്ങൾ പരുക്കേറ്റ ഭാഗത്ത് തറച്ചു കയറുകയുമായിരുന്നു. തുടർന്ന് ചേർത്തല ഗവ. ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്‌ടർ വിശദമായി പരിശോധിക്കാതെ മുറിവിൽ ഡ്രസ് ചെയ്‌തു വിടുകയാണുണ്ടായതെന്നാണ് രാധാകൃഷ്‌ണ പിള്ളയുടെ ആരോപണം.

രണ്ട് മാസം പിന്നിട്ടിട്ടും മുറിവ് ഉണങ്ങാതെ വരികയും കടുത്ത വേദന ഉണ്ടാകുകയും ചെയ്‌തതോടെ ചേർത്തലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ നിന്ന് അഞ്ചു ചില്ല് കഷ്‌ണങ്ങൾ പുറത്തെടുത്തു. തുടർന്ന് ഡോക്‌ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

എന്നാൽ വെള്ളിയാഴ്ച വൈകിട്ടോടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു. വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും രാധാകൃഷ്ണപിള്ള പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11ന് വിജിലൻസ് സംഘം ആശുപത്രിയിൽ എത്തും. രാധാകൃഷ്ണപിള്ളയെയും വിളിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Glass Fragments Removed from Hand; Vigilance Team Visits Hospital Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.