മത്സ്യക്ഷാമംമൂലം തോട്ടപ്പള്ളി ഹാര്‍ബറില്‍ നങ്കൂരമിട്ട വള്ളങ്ങൾ
അമ്പലപ്പുഴ: ചൂട് കടുത്തതോടെ തീരത്ത് വറുതി. തോട്ടപ്പള്ളി തീരത്തുനിന്ന് പ്രതീക്ഷയോടെ കടലില്‍ പോയ വള്ളങ്ങള്‍ പലതും നിരാശയോടെയാണ് തീരത്തണഞ്ഞത്. കുറച്ച് ദിവസങ്ങളായി അവസ്ഥ ഇതുതന്നെയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടുത്തചൂടില്‍ മീനുകൾ ആഴക്കടല്‍ തേടിപോയതാണ് വറുതിക്ക് കാരണം. ചെറിയ വള്ളങ്ങള്‍ മാത്രമാണ് തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. പുലർച്ച പോയി രാവിലെ തിരിച്ചെത്തുന്നവരും വൈകിട്ട് പോയി രാത്രിയോടെ തിരിച്ചെത്തുന്നവരുമുണ്ട്. കിട്ടുന്നതാകട്ടെ പൊടിമത്തികള് മാത്രമാണ്.
ഒരുതവണ കടലില്‍പോയി മടങ്ങിയെത്തുമ്പോള്‍ 5000 രൂപയോളം ഇന്ധനച്ചെലവിനായി വേണം. നാലാള് പണിയെടുക്കുന്ന ഇത്തരം വള്ളങ്ങളില്കിട്ടുന്നത് 2000 മുതല്‍ 5000 രൂപ വരെയുള്ള മീനുകളാണ്. 40 മുതല്‍ 50 തൊഴിലാളികള്‍ വരെ കടലില്‍ പോകുന്ന വള്ളങ്ങളുമുണ്ട്. നാലും അഞ്ചും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്. ഇവര്‍ക്കാകട്ടെ ഇന്ധനച്ചെലവിനത്തില്‍ 10,000 മുതല്‍ 15,000 രൂപവരെ വേണ്ടിവരും. ഇവരും ഇന്ധനച്ചെലവിന് പോലും വകയില്ലാതെയാണ് തിരിച്ചെത്തുന്നത്. ഇതിനിടെ കടല്‍പ്പന്നി ശല്യവും തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മത്സ്യബന്ധനത്തിനിടെ ഇവ വലനശിപ്പിക്കുന്നതും ചെലവ് വര്‍ധിപ്പിക്കുകയാണ്. പലരും കണക്കെണിയിലായെങ്കിലും ഓരോ ദിവസവും പ്രതീക്ഷയോടെ കടലില്‍പോയ പലരും വള്ളങ്ങള്‍ ഹാര്‍ബറില്‍ നങ്കൂരമിട്ടിരിക്കുകയാണ്.
മത്സ്യതൊഴിലാളികളുടെ പ്രതീക്ഷയായ ചാകര കനിയാത്ത വർഷം കൂടിയാണിത്. മത്തിയുടേയും അയലയുടേയും ലഭ്യത വളരെ കുറഞ്ഞതും തിരിച്ചടിയായി. കാലവർഷവും ചുഴലിക്കാറ്റ് ഭീഷണിയും വർഷം മുഴുവൻ മത്സ്യതൊഴിലാളികൾക്ക് ഭീഷണിയായിരുന്നു. അതിനിടെയാണ് കൊടും ചൂട് തീരത്തെ വറുതിയുടെ പിടിയിലാക്കിയത്. തോട്ടപ്പള്ളി ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോകുന്ന നൂറുകണക്കിനു ചെറുതും വലുതുമായ വള്ളങ്ങൾക്ക് മത്സ്യക്ഷാമം മൂലം അധ്വാനം മാത്രം മിച്ചമായി. ഒരാൾ പണിയെടുക്കുന്ന പൊന്തുവലക്കാരുടെ അവസ്ഥയും ഇതുതന്നെയായി. പലർക്കും വളർച്ചയെത്താത്ത പൊടിമത്തി ലഭിച്ചെങ്കിലും ഇതിന് ആവശ്യക്കാർ ഇല്ലാത്തതു മൂലം കിട്ടുന്ന വിലയ്ക്കു കൊടുക്കേണ്ട ഗതികേടിലാണ്. മത്സ്യ ലഭ്യത കുറഞ്ഞതോടെ തോട്ടപ്പള്ളിയടക്കം ജില്ലയിലെ ചന്തക്കടവുകളുടെ പ്രവർത്തനവും മിക്കവാറും നിലച്ച നിലയിലായി. ആളൊഴിഞ്ഞതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ചെറുകിട കച്ചവടസ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുന്നില്ല. തോട്ടപ്പള്ളിയിൽ മീൻ ഇല്ലാതെ വന്നതോടെ വിപണി കീഴടക്കുന്നത് അന്തർസംസ്ഥാനത്ത് നിന്ന് എത്തിക്കുന്ന മീനുകളാണ്. കേര അടക്കമുള്ള വലിയ മീനുകളാണ് ഇവിടെ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.