കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷം
ഹരിപ്പാട്: കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ ഉത്സവത്തിനിടെ ക്രിമിനൽ സംഘങ്ങൾ ഏറ്റുമുട്ടി. വെടിവെപ്പും കൂട്ട അടിയും. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. പുളുക്കീഴ് ഭാഗത്തെ കെ.ടി.ഡി.സി ബാറില്‍ ശനിയാഴ്ച രാത്രി ഒമ്പതോടെ മദ്യപിക്കാൻ എത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്ക്തർക്കമാണ് പ്രശ്നത്തിന് കാരണം. ഏറ്റുമുട്ടിയ ഏർപ്പെട്ട ഇരു കൂട്ടരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച അർധരാത്രി പന്ത്രണ്ടരയോടെ പുളിക്കീഴ് ഗുരു മന്ദിരത്തിന് സമീപം വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവവുമായി ബന്ധപ്പെട്ട് കുതിര കെട്ടുന്ന ഭാഗത്ത് പത്തോളം യുവാക്കൾ ബൈക്കിൽ എത്തുകയും സംഘർഷം അഴിച്ചുവിടുകയുമായിരുന്നു. ഇതിനിടയിൽ ബൈക്കിൽ എത്തിയ സംഘത്തിലെ തൃക്കുന്നപ്പുഴ തുലാംപറമ്പ് രാഗം വീട്ടിൽ വിഷ്ണു (33) പിന്നിൽ കരുതിയിരുന്ന തോക്കെടുത്ത് എതിർപക്ഷത്തിന് നേരെ വെടി ഉതിർത്തു. വിഷ്ണുവിന്റെ കൈയിലുണ്ടായിരുന്ന തോക്ക് അപകടം ഉണ്ടാക്കുന്ന തരത്തിലുള്ളതല്ലെന്ന് മനസ്സിലാക്കിയ എതിർസംഘം പ്രദേശത്തുണ്ടായിരുന്ന പട്ടികയും മരത്തടികളുമെല്ലാം എടുത്ത് വിഷ്ണുവിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. തോക്ക് തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് എയർപിസ്റ്റൾ ആണെന്നാണ് പൊലീസ് പറയുന്നത്. തോക്ക് പരിശോധനക്ക് അയക്കും. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു സംഘത്തിലും പെട്ട പത്തോളം പേർ വണ്ടാനം മെഡിക്കൽ കോളജിലും പരുമല സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. എന്നാൽ തൃക്കുന്നപ്പുഴ പൊലീസ് മൊഴിയെടുക്കാൻ എത്തിയപ്പോഴേക്കും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവർ അവിടെ നിന്നും കടന്നുകളഞ്ഞു.
വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന പത്തുപേർക്കെതിരെ കേസെടുത്തു. മറ്റൊരു മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് ശാസ്താമുറി സ്വദേശി അപ്പു, തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി ശരത്, പല്ലന സ്വദേശികളായ അഭിലാഷ്, സജിൻ എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന ഒരാൾക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവസ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.