മെഡിക്കല്‍ കോളജില്‍ ചികിത്സപ്പിഴവുകള്‍ ആവര്‍ത്തിക്കുന്നു; അന്വേഷണം പ്രഹസനം

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സപ്പിഴവുകള്‍ ആവര്‍ത്തിക്കുമ്പോഴും അന്വേണം പ്രഹസനമാകുന്നു. മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ചികിത്സപ്പിഴവും ജീവനക്കാരുടെ അതിക്രമങ്ങളും സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയാണ്.

സുരക്ഷ ജീവനക്കാരികളുടെ അക്രമത്തില്‍ പരിക്കേറ്റ ബാലികയുടെ പരാതിയില്‍ അന്വേണം എങ്ങുമെത്താതെ കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം സമര്‍പ്പിച്ചതെന്നത് ഏറെ നിരാശാജനകമായിരുന്നു. ആശുപത്രി ജീവനക്കാരുടെയും ചികിത്സാ രംഗത്തെയും പിഴവുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യത്തില്‍ അന്വേഷണ കമീഷനായി അന്നത്തെ ആര്‍.എം.ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിനും ചുമതല നല്‍കിയിരുന്നു. എന്നാല്‍, പരാതിക്കാരെ കുറ്റക്കാരാക്കിയുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ചികിത്സ വീഴ്ച സംബന്ധിച്ച ഒടുവിലത്തെ പരാതി കഴിഞ്ഞ ഡിസംബറിലാണ് ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ യുവാവിന്‍റെ കാലില്‍ തുന്നിക്കെട്ടിയ മുറിവില്‍നിന്ന് പിന്നീട് ചില്ല് നീക്കം ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാല്‍ ഫൈബര്‍ ചില്ലായതിനാല്‍ എക്സ് റേയില്‍ വ്യക്തമായില്ലെന്ന തരത്തിലായിരുന്നും റിപ്പോര്‍ട്ടില്‍ സൂചന.

പുന്നപ്ര തെക്ക് പഞ്ചായത്ത് 19ാം വാര്‍ഡ് കൊച്ചുപറമ്പ് വീട്ടില്‍ അനന്തുവിന്‍റെ (27) കാലില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്നാണ് പിന്നീട് പുന്നപ്ര സാഗര സഹകരണ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ചില്ല് നീക്കം ചെയ്തത്. തുന്നിക്കെട്ടിയ മുറിവില്‍ അകപ്പെട്ട ചില്ലുമായി അനന്തുവിന് മാസങ്ങളോളം തള്ളിനീക്കേണ്ടി വന്നു.

ജൂലൈ 17ന് രാത്രി ഒമ്പതോടെ വളഞ്ഞവഴിയില്‍ വെച്ച് കാറിടിച്ചാണ് ബൈക്ക് യാത്രക്കാരനായ അനന്തുവിന് പരിക്കേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച അനന്തുവിന്‍റെ കാലിലെ മുറിവുകള്‍ തുന്നിക്കെട്ടി പ്ലാസ്റ്റര്‍ ഇട്ടശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷം വിട്ടയച്ചു. പിന്നീട് തുന്നല്‍ എടുത്ത കാലിന്‍റെ മുട്ടിന് താഴെ ബാന്‍റേജ് ചുറ്റിയശേഷം പറഞ്ഞയച്ചു.

കാലിന് വേദനയും തുന്നിക്കെട്ടിയ ഭാഗത്ത് മുഴയും ഉണ്ടായി. മുഴപൊട്ടിയതോടെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും മതിയായ ചികിത്സകിട്ടാതെ വന്നതോടെയാണ് പുന്നപ്ര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് തുന്നലിട്ടിരുന്ന ഭാഗത്ത് ചില്ല് ഉള്ളതായി അറിയുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനിടെ കുട്ടിയും പിന്നാലെ അമ്മയും മരിച്ചത് ഏറെ വിവാദമായിരുന്നു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണയും (22) നവജാത ശിശുവുമാണ് മരിച്ചത്. ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനൊപ്പം അമ്മയും മരിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

പരാതിയും പ്രതിഷേധവും ഉയര്‍ന്നതോടെ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും റിപ്പോര്‍ട്ട് ജീവനക്കാര്‍ക്ക് അനുകൂലമായിരുന്നു. വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തിലും അന്വേഷണ റിപ്പോര്‍ട്ടില്‍ പുതുമ ഉണ്ടാകില്ലെന്ന ആരോപണമാണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉള്ളത്‌.

Tags:    
News Summary - Medical malpractices are recurring in medical colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.