ആലപ്പുഴ: ജില്ലയിൽ സൈബർ കേസുകളിൽ വൻ കുതിപ്പ്. ഒന്നര മാസത്തിനുള്ളിൽ കവർന്നത് 10 കോടിയിലേറെ രൂപ. ആലപ്പുഴ സൈബർ പൊലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്ത കേസുകളാണിത്. കേസുകൾ വർധിച്ചതോടെ സൈബർ പൊലീസും നെട്ടോട്ടത്തിലാണ്. ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലെയും സൈബർ കേസുകളുടെ എണ്ണമെടുത്താൻ തട്ടിയ തുക ഇനിയും കൂടും.
പ്രവാസിയിൽനിന്ന് ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ എട്ടുകോടി രൂപ തട്ടിയെടുത്ത സംഭവമാണ് ജില്ലയിലെ ഏറ്റവും വലിയ കേസ്. സംഭവത്തിൽ ഒരാൾ പിടിയിലായിരുന്നു. ഇനിയും പ്രതികൾ കുടുങ്ങാനുണ്ട്. മറ്റൊരു പ്രതിക്കായി തമിഴ്നാട്ടിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. റിട്ട. ബാങ്ക് ഉദ്യോഗസ്ഥന് പെൻഷൻ കാർഡ് തയാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 5.38 ലക്ഷം രൂപ തട്ടിയെടുത്തതായിരുന്നു മറ്റൊന്ന്.
സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റിലൂടെ ചെങ്ങന്നൂർ വെണ്മണി സ്വദേശിയായ 72കാരനിൽനിന്ന് 25.25 ലക്ഷമാണ് തട്ടിപ്പുകാർ സ്വന്തമാക്കിയത്. മാട്രിമോണിയൽ ആപ്പിലൂടെ കേന്ദ്ര ജീവനക്കാരന് 22 രണ്ടുലക്ഷം രൂപ കഴിഞ്ഞാഴ്ച നഷ്ടമായിരുന്നു. കഴിഞ്ഞദിവസം മാട്രിമോണിയൽ ആപ്പിലുടെ മറ്റൊരു യുവാവിന് 19.25 ലക്ഷം രൂപയും നഷ്ടമായി.
പ്രചാരണങ്ങളും ബോധവത്കരണവുമെല്ലാം നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം ചെയ്യുന്നില്ല. തട്ടിപ്പുകൾ കുതിച്ചുയർന്നതോടെ സൈബർ പൊലീസും പ്രതിസന്ധിയിലാണ്. സൈബർ പൊലീസ് സ്റ്റേഷനിൽ 24 ഉദ്യോഗസ്ഥരാണുള്ളത്. കേസുകൾ പലതും സംസ്ഥാനത്തിന് പുറത്തായതിനാൽ ഉദ്യോഗസ്ഥർക്ക് അവിടേക്ക് പ്രതികളെ പിടിക്കാൻ പോകണം. ഇതിനൊപ്പം മറ്റ് കേസുകളിലും അന്വേഷണം നടത്തണം.
ഇതിനിടയിൽ കൂടുതൽ കേസുകൾ എത്തുമ്പോൾ ഓരോ കേസും കാര്യക്ഷമമായി അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. അതിനാൽ, സബ്ഡിവിഷൻ തലങ്ങളിലും സൈബർ പൊലീസ് സ്റ്റേഷനുകൾ വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.