ആലപ്പുഴ: വേമ്പനാട്ടുകായലിൽ അനധികൃത ഹൗസ്ബോട്ടുകളുടെ എണ്ണം വർധിച്ചു. നിയമലംഘനം നടത്തി സർവിസ് നടത്തുന്നവർക്കെതിരെ നടപടിയില്ലെന്ന് പരാതി. വിനോദസഞ്ചാരത്തിന് 450 ഹൗസ്ബോട്ട് മാത്രമേ കായലിൽ പാടുള്ളൂവെന്ന പരിസ്ഥിതി റിപ്പോർട്ട് നിലനിൽക്കെയാണിത്. നിലവിൽ 980 എണ്ണത്തിനാണ് സർവിസ് നടത്താനുള്ള മാരിടൈം ബോർഡ് രജിസ്ട്രേഷനുള്ളത്.
എന്നാൽ, ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ആയിരത്തിലേറെ അനധികൃത സർവിസുകളാണ് ദിനംപ്രതി ഓടുന്നത്. ഇത്തരം ബോട്ടുകൾ കണ്ടെത്താൻ തുറമുഖവകുപ്പിന്‍റെ പരിശോധനയും കർശന നടപടിയുമില്ല. ഓരോവർഷവും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയാണ് ഹൗസ് ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നത്. പരിശോധനസമയത്ത് ലൈസൻസുള്ള ജീവനക്കാരെ ‘അവതരിപ്പിച്ച്’ കാര്യം കാണുകയാണ് പതിവ്.
മിക്ക ഹൗസ് ബോട്ടുകളിലും ജീവനക്കാർ അന്തർസംസ്ഥാന തൊഴിലാളികളാണ്. ശിക്കാരവള്ളങ്ങളിൽ ഡ്രൈവർക്ക് ലാസ്കർ ലൈസൻസും ഹൗസ് ബോട്ടുകളിൽ സ്രാങ്ക് ലൈസൻസും വേണമെന്നാണ് ചട്ടം. എന്നാൽ, മിക്കവയിലും ലാസ്കർ ലൈസൻസ് പോലുമില്ലാത്തവരാണ് ജോലി ചെയ്യുന്നത്. ഹൗസ് ബോട്ടുകളിൽ ലാസ്കർ, എൻജിൻ ഡ്രൈവർ തസ്തികയിലുള്ള ആളുകളും വേണം. ലൈസൻസ് ഉള്ളവർക്ക് നിശ്ചിതവേതനം നൽകണമെന്നതിനാൽ അതില്ലാത്തവരെ കുറഞ്ഞ വേതനത്തിന് നിയമിക്കുകയാണ്.
രണ്ടുവർഷമായി മറ്റ് പോർട്ടുകളിലും രജിസ്റ്റർ ചെയ്ത ബോട്ടുകളാണ് പുന്നമടയിലേക്ക് എത്തുന്നത്. 10 മുതൽ 16 മുറിവരെയുള്ള ഹൗസ്ബോട്ടുകൾവരെ ഓടുന്നുണ്ട്. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാമാനദണ്ഡം പാലിക്കാതെയാണ് പലതിന്‍റെയും യാത്രയെന്ന് പരാതിയുണ്ട്. ടൂറിസം സീസണിൽപോലും അനധികൃത ഹൗസ്ബോട്ടുകളുടെ കടന്നുകയറ്റത്തിൽ ജില്ലയിലെ പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടുകള്‍ക്ക് ട്രിപ്പുകളില്ല.
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ കായലിനെ മലിനമാക്കുന്നതിലും മുഖ്യപങ്കാണ് വഹിക്കുന്നത്.സുരക്ഷ നിയമം അനുസരിച്ച് വിദേശ സഞ്ചാരിയുടെയും ക്യത്യമായ വിവരങ്ങൾ ബി ഫോം രജിസ്റ്ററിലും സി ഫോം രജിസ്ട്രേഷൻ ഓൺലൈനിലും രേഖപ്പെടുത്തണം. ഇതെല്ലാം അവഗണിച്ചും നിയമങ്ങൾ കാറ്റിൽപറത്തിയുമാണ് ഇവയുടെ സഞ്ചാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.