ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു. അരൂർ-തുറവൂർ റീച്ചിലെ നിർമാണത്തിൽ വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമികവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിന് അടിയന്തരവും സമഗ്രവുമായ സുരക്ഷ ഓഡിറ്റിങ് നടത്താൻ റൈറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (ഐ.ആർ.സി) മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പ്രധാനമായും പരിശോധിക്കും.
ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണച്ചുമതലയിൽനിന്ന് ഒഴിവാക്കും. നിർമാണപ്രവർത്തനങ്ങളിൽ ഉയർന്ന സുരക്ഷ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന സുപ്രധാന പരിശോധനക്കാണ് ഉത്തരവിട്ടത്. പദ്ധതിയുടെ നടത്തിപ്പും സമഗ്രമായി അവലോകനം ചെയ്യും. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റിടങ്ങളിലെ ദേശീയപാത നിർമാണപ്രവർത്തനങ്ങളിലേക്ക് സുരക്ഷപരിശോധന വ്യാപിപ്പിക്കും. വ്യാഴാഴ്ച പുലർച്ച എരമല്ലൂർ ജങ്ഷനുസമീപം പിക്അപ് വാനിന് മുകളിലേക്ക് കോൺക്രീറ്റ് ഗർഡർ വീണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സി.ആർ. രാജേഷാണ് (47) മരിച്ചത്.
ഇതിനുപിന്നാലെ ദേശീയപാത അതോറ്റിയുടെ വിദഗ്ധസംഘം അപകടസ്ഥലം സന്ദർശിച്ച് വിലയിരുത്തൽ നടത്തി. നിർമാണക്കമ്പനിയുടെ വീഴ്ചയാണ് അപകടംവരുത്തിവെച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിനുപിന്നാലെയാണ് അടിയന്തര സുരക്ഷ ഓഡിറ്റ് നടത്താൻ നിർദേശിച്ചത്. വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് കൈമാറും.
ആലപ്പുഴ: 12.75 കി.മീ. ദൂരത്തിലുള്ള അരൂർ-തുറവൂർ ആറുവരി ഉയരപ്പാത ലോകനിലവാരത്തിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ തകർന്ന് പിക്അപ് വാൻ ഡ്രൈവർ മരിച്ചതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷ ഓഡിറ്റിനുവേണ്ടി നൈറ്റ്സ് കമ്പനിയുമായി ദേശീയപാത അധികൃതർ കരാറിലേർപ്പെട്ടു. നിലവിലുള്ള നാലുവരിപ്പാതയുടെ വികസനവും ദേശീയപാത-66ൽ അരൂർ മുതൽ തുറവൂർ തെക്കുവരെയുള്ള ആറുവരി ഉയരപ്പാതയുടെ സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തും. ഭാരത് മാല പരിയോജന പദ്ധതിയിൽപെടുത്തിയാണ് പാതയുടെ നിർമാണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.